കടല്‍ക്കൊലക്കേസ്: ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ കേസ് നടപടികള്‍ അവസാനിപ്പിക്കാന്‍ സുപ്രീം കോടതി തീരുമാനം; ഉത്തരവ് ചൊവ്വാഴ്ച
June 11, 2021 12:03 pm
0
ദില്ലി: വിവാദമായ കടല്‍ക്കൊല കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ കേസ് നടപടികള്‍ അവസാനിപ്പിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചു.
ഇത് സംബന്ധിച്ച ഉത്തരവ് വരുന്ന ചൊവ്വാഴ്ച പുറപ്പെടുവിക്കും. കടല്‍ക്കൊല ഇരകള്‍ക്ക് നഷ്ടപരിഹാരം അടക്കമുള്ള കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് തീരുമാനിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ ഇന്ന് കോടതിയെ അറിയിച്ചു.
കടല്‍ക്കൊല കേസില്‍ ബോട്ടിലുണ്ടായിരുന്ന എല്ലാവര്‍ക്കും നഷ്ടപരിഹാരം വേണമെന്ന ആവശ്യത്തെ എതിര്‍ക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു.
നഷ്ടപരിഹാരം എങ്ങനെ വിഭജിക്കണം എന്ന് കേരള സര്‍ക്കാരിന് തീരുമാനിക്കാം. കോടതി തീരുമാനം അനുസരിച്ചുള്ള 10 കോടി രൂപ നഷ്ടപരിഹാരം ഇറ്റലി കൈമാറിയെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയെ അറിയിച്ചു.
നാവികര്‍ക്കെതിരെയുള്ള നടപടികള്‍ ഇറ്റലി സ്വീകരിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
നാവികര്‍ക്കെതിരായ കേസിന്റെ നടപടികള്‍ അവസാനിപ്പാക്കാമെന്ന് സുപ്രീംകോടതി ഇതോടെ നിലപാടെടുക്കുകയായിരുന്നു.