ഒടുവില്‍ കേന്ദ്രം തിരുത്തി; എല്ലാവര്‍ക്കും വാക്സിന് സൗജന്യമെന്ന് മോദി
June 7, 2021 7:50 pm
0
ന്യൂഡല്‍ഹി: വ്യാപക എതിര്‍പ്പ് ക്ഷണിച്ചുവരുത്തിയ കേന്ദ്രത്തിന്‍റെ വികലമായ വാക്സിന് നയം ഒടുവില്‍ തിരുത്തി. 18 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി വാക്സിന് നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. ജൂണ്‍ 21 മുതലായിരിക്കും എല്ലാവര്‍ക്കും വാക്സിന് സൗജന്യമായി നല്‍കുക.
വാക്സിന് വിതരണം താളം തെറ്റിയതിനെതിരെ സുപ്രീം കോടതിയും സംസ്ഥാന സര്‍ക്കാറുകളും രാജ്യത്തെ പ്രമുഖ വ്യക്തികളും പരസ്യമായി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രം വാക്സിന് നയം പൊളിച്ചെഴുതുന്നത്.
കേന്ദ്രസര്‍ക്കാര്‍ വാക്സിന് വാങ്ങി സംസ്ഥാനങ്ങള്‍ക്ക് നല്‍കും. ലഭ്യമാവുന്ന വാക്സിനുകളില്‍ 75 ശതമാനം സൗജന്യമായി വിതരണം ചെയ്യും. 25 ശതമാനം സ്വകാര്യ ആശുപത്രികള്‍ക്ക് നല്‍കും. സ്വകാര്യ ആശുപത്രികളിലെ വാക്സിന് വില സംസ്ഥാനങ്ങള്‍ക്ക് തിരുമാനിക്കാം. സ്വകാര്യ ആശുപത്രികള്‍ക്ക് പരമാവധി 150 രൂപ വരെ സര്‍വീസ് ചാര്‍ജായി ഈടാക്കാം. വാക്സിന് മാര്‍ഗരേഖ രണ്ടാഴ്ചക്കുള്ളില്‍ പുറത്തിറക്കുമെന്നും മോദി പറഞ്ഞു.
മൂന്ന് വാക്സിനുകള്‍ക്ക് ഉടന്‍ അനുമതി ലഭിക്കും. ഇവയുടെ പരീക്ഷണം നടക്കുകയാണ്. രണ്ട് മെയ്ഡ് ഇന്‍ ഇന്ത്യ വാക്സിനുകള്‍ ഒരു വര്‍ഷത്തിനുള്ളിലെത്തും. മൂക്കിലുപയോഗിക്കാന്‍ കഴിയുന്ന വാക്സിനും രാജ്യത്തെത്തും. കുട്ടികളിലെ വാക്സിന് പരീക്ഷണം പുരോഗമിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. വിദേശത്ത് നിന്ന് വാക്സിന് കൊണ്ടു വരുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. വാക്സിന് ഉല്‍പാദനം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 23 കോടി പേര്‍ക്ക് ഇതുവരെ വാക്സിന് നല്‍കിയിട്ടുണ്ട്.
മെയ്ഡ് ഇന്‍ ഇന്ത്യ വാക്സിനുകള്‍ നിരവധി പേരുടെ ജീവന്‍ രക്ഷിക്കും. രണ്ടാം തരംഗത്തിന് മുമ്ബ് കോവിഡ് മുന്‍നിര പോരാളികള്‍ക്ക് വാക്സിന് നല്‍കി. അല്ലെങ്കില്‍ എന്താവുമായിരുന്നു സ്ഥിതിയെന്നും മോദി ചോദിച്ചു. നൂറ്റാണ്ടിനിടയില്‍ രാജ്യത്തുണ്ടായ ഏറ്റവും വലിയ മഹാമാരിയാണ് കോവിഡ്. രാജ്യം ഒറ്റക്കെട്ടായാണ് കോവിഡിനെ നേരിടുന്നത്. ജനങ്ങള്‍ ആത്മവിശ്വാസം കൈവിടരുതെന്നും മോദി പറഞ്ഞു.