
വാക്‌സിന്‍ സൗജന്യമായും സമയബന്ധിതമായും നല്‍കണം; കേന്ദ്ര നിലപാടിനെതിരെ പ്രമേയം പാസാക്കി നിയമസഭ, ഭരണ-പ്രതിപക്ഷ വാക്പോര്
June 2, 2021 11:46 am
0
തിരുവനന്തപുരം: കൊവിഡ് വാക്‌സിന്‍ സൗജന്യമായും സമയബന്ധിതമായും കേന്ദ്രം നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന നിയമസഭ പ്രമേയം പാസാക്കി. നിയമസഭ ഏകകണ‌്ഠമായാണ് പ്രമേയം പാസാക്കിയത്. വാക്‌സിനെ കേന്ദ്രം കമ്ബോളച്ചരക്കാക്കരുതെന്ന് സംസ്ഥാനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പൊതുമേഖല ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനികളില്‍ നിര്‍ബന്ധിത ലൈസന്‍സ് വ്യവസ്ഥ ഉപയോഗപെടുത്തി വാക്‌സിന്‍ നിര്‍മ്മിക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. ലോകാരോഗ്യ സംഘടന അടിയന്തര ആവശ്യത്തിന് അനുമതി നല്‍കിയ കമ്ബനികളുടെയും യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി, യു കെ എം എച്ച് ആര്‍ എ, ജപ്പാന്‍ പി എം ഡി എ എന്നിവയുടെ അനുമതിയുള്ള വാക്‌സിന്‍ കമ്ബനികള്‍ക്കും ഇളവ് നല്‍കാമെന്നും പ്രമേയത്തില്‍ വ്യക്തമാക്കുന്നു.
ഇതിനിടെ, കൊവിഡ് സാഹചര്യം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം തളളി. പ്രതിരോധപ്രവര്‍ത്തനങ്ങളെ പ്രതിപക്ഷം ഇകഴ്ത്തിക്കാട്ടുന്നുവെന്ന് ആരോഗ്യമന്ത്രി കുറ്റപ്പെടുത്തി. ഈ പരാമര്‍ശം പിന്‍വലിക്കണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
സര്‍ക്കാരിന്‍റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തെ ചൊല്ലി വലിയ തര്‍ക്കമാണ് സഭയില്‍ ഉണ്ടായത്. പ്രതിപക്ഷത്തിനായി ഡോ എം കെ മുനീറാണ് മുന്നിട്ടിറങ്ങിയത്. ആദ്യ ഡോസ് വാക്‌സിന്‍ എടുത്ത ആളാണ് താനെന്നും രണ്ടാം ഡോസ് എവിടെ നിന്നാണെന്ന് പോലും അറിയില്ലെന്നും മുനീര്‍ സഭയില്‍ പറഞ്ഞു.
ജനസംഖ്യ അനുപാതത്തില്‍ അല്ല വാക്‌സിന്‍ വിതരണമെന്ന് ആരോപിച്ച മുനീര്‍ കേന്ദ്രത്തിന് എതിരായി ആരോഗ്യ മന്ത്രി കൊണ്ട് വരുന്ന പ്രമേയം നൂറു ശതമാനം സത്യസന്ധമാണെന്ന് പറഞ്ഞ് കൊണ്ട് പിന്തുണച്ചു. രാജ്യം കത്തുമ്ബോള്‍ പ്രധാനമന്ത്രി വീണ വായിക്കുന്നുവെന്നും മുനീര്‍ കുറ്റപ്പെടുത്തി.
വാക്‌സിന്‍ വിതരണം ശാസ്ത്രീയമായാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് മറുപടി നല്‍കി. രണ്ടാം തരംഗത്തിന് മുമ്ബ് തന്നെ മെഡിക്കല്‍ കപ്പാസിറ്റി കൂട്ടാന്‍ കേരളം ശ്രമിച്ചുവെന്നും കൊവിഡ് പ്രതിരോധ ശ്രമങ്ങളെ ഇകഴ്ത്തി കാട്ടാന്‍ പ്രതിപക്ഷം ശ്രമിക്കരുതെന്നും ആരോഗ്യമന്ത്രി സഭയില്‍ പറഞ്ഞു.
പിന്നാലെ സഭയില്‍ ബഹളമുണ്ടായി.
ആരോഗ്യ മന്ത്രിയുടെ പരാമര്‍ശത്തില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു. കൊവിഡ് വിഷയം ഒരു തരത്തിലും വിവാദം ആക്കാന്‍ പ്രതിപക്ഷം ശ്രമിച്ചിട്ടില്ലെന്നും ആരോഗ്യ പ്രവര്‍ത്തകരെ ഇകഴ്‌ത്തി കാട്ടുന്ന ഒരു വാക്കും മുനീര്‍ പറഞ്ഞില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.
സര്‍ക്കാരിന് പിന്തുണ നല്‍കിയിട്ടും ആരോഗ്യ മന്ത്രിക്ക് പുല്ലു വിലയാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മന്ത്രിക്ക് വേണ്ടെങ്കിലും ജനങ്ങള്‍ക് വേണ്ടി പ്രതിപക്ഷം സര്‍ക്കാര്‍ പ്രമേയത്തെ പിന്തുണക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.