
കാലവര്‍ഷം നാളെ കേരളത്തിലെത്തിയേക്കും; ശരാശരിയെക്കാള്‍ കൂടുതല്‍ മഴ ലഭിക്കുമെന്ന് പ്രവചനം, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
June 2, 2021 9:56 am
0
തിരുവനന്തപുരം: തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം നാളെ കേരളത്തിലെത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ ശക്തമായ മഴ തുടരാന്‍ സാദ്ധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇത്തവണ ശരാശരിയെക്കാള്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് പ്രവചനം.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിലാണ് നാളെ മഴ മുന്നറിയിപ്പുളളത്. ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കുമാണ് സാദ്ധ്യത.
പൊതുജനങ്ങള്‍ ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കേരള തീരത്ത് മണിക്കൂറില്‍ പരമാവധി 50 കിലോമിറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാദ്ധ്യതയുണ്ട്. തെക്കന്‍ തമിഴ്‌നാട് തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാദ്ധ്യതയുണ്ടെന്നും കേരള തീരത്ത് മത്സ്യത്തൊഴിലാളികള്‍ കടലില്‍പോകരുതെന്നും നിര്‍ദേശമുണ്ട്.