
പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്ലെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് ആശയക്കുഴപ്പം; എഞ്ചിനീയറിംഗ് പ്രവേശനത്തിലടക്കം പിന്തളളപ്പെടുമോയെന്ന് ആശങ്ക
June 2, 2021 8:52 am
0
തിരുവനന്തപുരം: സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയതിനെ സ്വാഗതം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ പകരം സംവിധാനത്തിന്‍റെ കാര്യത്തില്‍ കടുത്ത ആശയക്കുഴപ്പത്തിലാണ്. കേരള സിലബസില്‍ പ്ലസ് ടൂ പരീക്ഷ തീര്‍ന്നതിനാല്‍ എഞ്ചിനീയറിംഗ് പ്രവേശനത്തിലടക്കം പിന്തള്ളപ്പെടുമോ എന്നതാണ് പ്രധാന ആശങ്ക. സംസ്ഥാനങ്ങള്‍ പ്ലസ് ടു പരീക്ഷ നടത്തി കഴിഞ്ഞതിനാല്‍ പന്ത്രണ്ടാം ക്ലാസ് മൂല്യനിര്‍ണയം കഴിഞ്ഞ് ഫലം എത്തുമ്ബോഴേക്കും ബിരുദ പ്രവേശനം തുടങ്ങുമെന്ന ആശങ്ക വിദ്യാര്‍ത്ഥികള്‍ക്കുണ്ട്.
കഴിഞ്ഞവര്‍ഷം ഹോം സയന്‍സ്, ഹിന്ദി, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, കമ്ബ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മാറ്റിക്‌സ് പ്രാക്‌ടീസസ്, ബിസിനസ് സ്റ്റഡീസ്, ബയോടെക്നോളജി, ജ്യോഗ്രഫി, സോഷ്യോളജി, മലയാളം എന്നീ പരീക്ഷകള്‍ മാത്രമാണ് റദ്ദാക്കിയത്. പകരം ഈ പേപ്പറുകള്‍ക്ക് സ്‌കൂളില്‍ നടത്തിയ മൂന്ന് പരീക്ഷകളുടെ മാര്‍ക്ക് നോക്കി ഗ്രേഡ് നിശ്ചയിച്ചു. സ്‌കൂള്‍ പരീക്ഷകള്‍ കാര്യമായി കാണാതെ അവസാനപരീക്ഷയ്ക്ക് ഉത്സാഹിച്ച് പഠിച്ച് മാര്‍ക്ക് നേടുന്നുവരെയാണ് ഈ തീരുമാനം പ്രധാനമായും ബാധിക്കുക.
ജെ ഇ ഇ മെയിന്‍ പോലെയുള്ള പരീക്ഷകള്‍ക്ക് 75 ശതമാനം മാര്‍ക്ക് വേണമെന്ന നിബന്ധനയുണ്ട്. ബി ആര്‍ക് / ബി പ്ലാനിംഗ് പ്രവേശനത്തിനും പന്ത്രണ്ടാം ക്ലാസിലെ മൊത്തം മാര്‍ക്ക് പരിഗണിക്കുമ്ബോള്‍ ഊഹക്കണക്ക് ദോഷമായേക്കാം. മാര്‍ക്കില്‍ തൃപ്‌തിയില്ലാതെ പരീക്ഷ എഴുതുന്നവര്‍ നേരത്തെ കോഴ്‌സുകള്‍ക്ക് പ്രവേശനം നേടിയവരെക്കാള്‍ കൂടുതല്‍ മാര്‍ക്ക് നേടിയാല്‍ അത് തര്‍ക്കങ്ങള്‍ക്കിടയാക്കുകയും ചെയ്യാം.
കഴിഞ്ഞ വര്‍ഷം കേരള എഞ്ചിനീയറംഗില്‍ ആദ്യത്തെ 5000 റാങ്കില്‍ 2477 പേരും സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസുകാരായിരുന്നു. 2280 പേരാണ് കേരള ഹയര്‍ സെക്കന്‍ഡറിയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നത്. പന്ത്രണ്ടാം ക്ലാസിലെ ഫിസികിസ്, കെമിസ്ട്രി, കണക്ക് എന്നീ വിഷയങ്ങളിലെ അമ്ബത് ശതമാനം മാര്‍ക്കും പ്രവേശന പരീക്ഷയിലെ അമ്ബത് ശതമാനവും ചേര്‍ത്താണ് റാങ്ക് തയാറാക്കുന്നത്. പൊതുപരീക്ഷ ഇല്ലാത്ത സാഹചര്യത്തില്‍ എങ്ങനെ സ്കോര്‍ നിശ്ചയിക്കുമെന്നതാണ് പ്രധാന പ്രശ്‌നം.