Monday, 27th January 2025
January 27, 2025

യുഡിഎഫ് എംപിമാരുടെ സംഘത്തിനും സന്ദര്‍ശനാനുമതി നിഷേധിച്ച്‌ ലക്ഷദ്വീപ് ഭരണകൂടം

  • May 31, 2021 6:08 pm

  • 0

കൊല്ലം : ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങള്‍ക്കെതിരെ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ യുഡിഎഫ് എംപിമാരുടെ സംഘത്തിനും സന്ദര്‍ശന അനുമതി നിഷേധിച്ച്‌ ലക്ഷദ്വീപ് ഭരണകൂടം.

ഇടതുപക്ഷ എംപിമാര്‍ക്ക് നേരത്തെ അനുമതി നിഷേധിച്ചിരുന്നു. എം.പി മാരായ ബെന്നി ബഹ്നാന്‍, .ടി. മുഹമ്മദ് ബഷീര്‍, എന്‍.കെ. പ്രേമചന്ദ്രന്‍, എം.കെ. രാഘവന്‍, ഹൈബി ഈഡന്‍ എന്നിവരാണ് ദ്വീപ് സന്ദര്‍ശിക്കുവാന്‍ ലക്ഷദ്വീപ് ഭരണകൂടത്തിന്‍്റെ അനുമതി തേടിയത്. ഇന്ന് ലക്ഷദ്വീപിലേക്ക് പോകാനാണ് അനുമതി തേടി എം.പിമാര്‍ ഭരണകൂടത്തെ സമീപിച്ചത്.

കളക്‌ടറോട് ഫോണ്‍വഴിയാണ് ഇവര്‍ അനുമതി തേടിയത്. എന്നാല്‍ ഭരണകൂടം അനുമതി നിഷേധിക്കുകയായിരുന്നു.

അതേസമയം, തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളായ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് പോലും അനുമതി നല്‍കാത്ത നടപടി ജനാധിപത്യ വിരുദ്ധമാണെന്നും വിഷയം പാര്‍ലമെന്റില്‍ ശക്തമായി ഉന്നയിക്കുമെന്നും എം.പിമാരുടെ സംഘത്തിന്റെ ഏകോപന ചുമതല വഹിക്കുന്ന എന്‍.കെ പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു.

ഇതിനിടെ ലക്ഷദ്വീപില്‍ ഒരാഴ്ചത്തേക്ക് കളക്ടര്‍ സമ്ബൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. അതേസമയം കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, ഐഡികാര്‍ഡ് എന്നിവ ഉപയോഗിച്ച്‌ ഉദ്യോഗസ്ഥര്‍ ജോലി സ്ഥലത്തെത്താനുള്ള അനുമതിയുണ്ട്.

അഞ്ചു ദ്വീപുകളിലാണ് സമ്ബൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ച്‌ കളക്ടര്‍ ഉത്തരവിറക്കിയത്. ലക്ഷദ്വീപിലെ കവരത്തി, മിനിക്കോയ്,കല്‍പെയ്‌നി, അമനി ദ്വീപുകളില്‍ കര്‍ഫ്യൂ തുടരുകയായിരുന്നു. ഈ ദ്വീപുകളിലടക്കം ജൂണ്‍ ഏഴ് വരെ സമ്ബൂര്‍ണ്ണ അടച്ചിടലാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.