തല്‍ക്കാലം ചീഫ് സെക്രട്ടറിയെ വിട്ടുതരില്ല; കേന്ദ്രത്തോട് മമത ബാനര്‍ജി
May 31, 2021 5:09 pm
0
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ധോപാധ്യായെ കേന്ദ്ര സര്‍വ്വീസിലേക്ക് തിരിച്ചുവിളിച്ച കേന്ദ്ര നടപടിക്കെതിരെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ചീഫ് സെക്രട്ടറിയെ വിട്ടയക്കാന്‍ കഴിയില്ലെന്ന് മമത അറിയിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തയച്ചതായി മമത പറഞ്ഞു.
ചീഫ് സെക്രട്ടറി കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന ഏകപക്ഷീയമായ നിര്‍ദ്ദേശത്തില്‍ താന്‍ അമ്ബരന്നുപോയെന്ന് മമത കത്തില്‍ ചൂണ്ടിക്കാട്ടി. ഇത്രയും നിര്‍ണായകമായ സന്ദര്‍ഭത്തില്‍ ബംഗാള്‍ സര്‍ക്കാറിന് ചീഫ് സെക്രട്ടറിയെ വിട്ടുതരാന്‍ കഴിയില്ല. പറഞ്ഞയക്കാന്‍ ഉദ്ദേശിക്കുന്നുമില്ല. നിയമപരമായി തന്നെയാണ് ബംഗാളില്‍ അദ്ദേഹം തുടരുന്നത് എന്നും കത്തില്‍ മമത സൂചിപ്പിച്ചു.
കഴിഞ്ഞ ദിവസമാണ് പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ധോപാധ്യായോട് കേന്ദ്ര സര്‍വ്വീസിലേക്ക് ഉടനടി തിരികെയെത്താന്‍ കേന്ദ്രം നിര്‍ദ്ദേശിച്ചത്. തിങ്കളാഴ്ച്ച തന്നെ കേന്ദ്രസര്‍വീസില്‍ റിപ്പോര്‍ട്ട് ചെയ്യാനായിരുന്നു നിര്‍ദ്ദേശം. പേഴ്സണല്‍ ട്രെയിനിങ് വിഭാഗത്തിലേക്കാണ് ആലാപന്‍ ബന്ധോപാധ്യായക്ക് മാറ്റം ലഭിച്ചിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ ബംഗാള്‍ സന്ദര്‍ശനവും തുടര്‍ന്നുണ്ടായ മമത–മോദി കൂടിക്കാഴ്ച വിവാദത്തിനും ശേഷമാണ് ചീഫ് സെക്രട്ടറി കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് കേന്ദ്രം നിര്‍ദേശം നല്‍കിയത്.
യാസ് ചുഴലിക്കാറ്റിന്റെ ആഘാതം വിലയിരുത്തുന്നതിനായി പ്രധാനമന്ത്രിയുമായുള്ള യോഗത്തില്‍ മമത ബാനര്‍ജിയും ചീഫ് സെക്രട്ടറിയും അരമണിക്കൂറോളം വൈകിയായിരുന്നു എത്തിയത്. സംസ്ഥാനത്തുണ്ടായ നാശങ്ങളെ സംബന്ധിച്ചുള്ള കുറിപ്പ് കൈമാറിയ ശേഷം പതിനഞ്ച് മിനിറ്റുകൊണ്ട് തിരികെ പോകുകയും ചെയ്തിരുന്നു.