Monday, 27th January 2025
January 27, 2025

വാക്​സിനുകള്‍ക്ക്​ വ്യത്യസ്​ത വില; കേന്ദ്രസര്‍ക്കാര്‍ സമീപനത്തിനെതിരെ സുപ്രീംകോടതി

  • May 31, 2021 1:54 pm

  • 0

ന്യൂഡല്‍ഹി: കോവിഡ്​ വാക്​സിനുമായി ബന്ധപ്പെട്ട കേസില്‍ കേന്ദ്രസര്‍ക്കാറിന്​ മുമ്ബാകെ ചോദ്യങ്ങള്‍ ഉന്നയിച്ച്‌​ സുപ്രീംകോടതി. വാക്​സിന്‍ വില, ക്ഷാമം, ഗ്രാമീണ​ മേഖലയിലെ ലഭ്യതക്കുറവ്​ എന്നിവയിലാണ്​ സുപ്രീംകോടതിയുടെ ചോദ്യങ്ങള്‍.

45 വയസിന്​ മുകളിലുള്ള എല്ലാവര്‍ക്കും കേന്ദ്രസര്‍ക്കാര്‍ വാക്​സിന്‍ നല്‍കുന്നുണ്ട്​. പ​േ​ക്ഷ 18 മുതല്‍ 44 വയസ്​ വരെ പ്രായമുള്ളവര്‍ക്ക്​ വാക്​സിന്‍ എന്തുകൊണ്ടാണ്​ വിതരണം ചെയ്യാത്തത്​. നിര്‍മിക്കുന്ന വാക്​സിനുകളില്‍ 50 ശതമാനം കേന്ദ്രസര്‍ക്കാര്‍ നിശ്​ചയിച്ച വിലക്ക്​ സംസ്ഥാനങ്ങള്‍ക്ക്​ ലഭ്യമാക്കുന്നു. ബാക്കിയുള്ളത്​ സ്വകാര്യ ആശുപത്രികള്‍ക്കാണ്​ നല്‍കുന്നത്​. ഇതിന്‍റെ യുക്​തിയെന്താണെന്ന്​ സുപ്രീംകോടതി ചോദിച്ചു.

45 വയസിന്​ മുകളിലുള്ളവരുടെ മരണനിരക്ക്​ കൂടിയതിനാലാണ്​ അവര്‍ക്ക്​ വാക്​സിന്​ മുന്‍ഗണ നല്‍കിയത്​. എന്നാല്‍ രണ്ടാം തരംഗത്തില്‍ 18 മുതല്‍ 44 വയസ്​ പ്രായമുള്ളവര്‍ക്കും രോഗം ഗുരുതരമായി ബാധിക്കുന്നുണ്ട്​. എന്തുകൊണ്ടാണ്​ അവര്‍ക്ക്​ വാക്​സിന്‍ നല്‍കാന്‍ നടപടിയുണ്ടാകാത്തത്​. വാക്​സിന്‍ വില നിര്‍ണയാധികാരം കമ്ബനികള്‍ക്ക്​ നല്‍കിയത്​ എന്തിനാണ്​​. വാക്​സിന്​ ഒരു രാജ്യം ഒരു വില എന്നത്​ നടപ്പാക്കാന്‍ കേന്ദ്രത്തിന്​ ബാധ്യതയില്ലേയെന്നും ​സുപ്രീംകോടതി ചോദിച്ചു. രാജ്യത്തെ വാക്​സിന്‍ നിര്‍മാതാക്കള്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ക്ക്​ വ്യത്യസ്​ത വിലക്കാണ്​ വാക്​സിന്‍ നല്‍കുന്നത്​. ഇതിനെതിരെ വിവിധ സംസ്ഥാനങ്ങള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഢ്​, എല്‍.എന്‍ റാവു, എസ്​. രവീന്ദ്ര ഭട്ട്​ എന്നിവരടങ്ങിയ ബെഞ്ചാണ്​ കേസ്​ പരിഗണിച്ചത്​. കേസില്‍ സത്യവാങ്​മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാറിന്​ രണ്ടാഴ്ചത്തെ സമയം അനുവദിച്ചു.