യാസ് ചുഴലിക്കാറ്റ്: പ്രധാനമന്ത്രിക്ക് മമത റിപ്പോര്‍ട്ട് നല്‍കി, അവലോകന യോഗത്തില്‍ പങ്കെടുത്തില്ല
May 28, 2021 7:21 pm
0
കൊല്‍ക്കത്ത: യാസ് ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പങ്കെടുത്തില്ല. അതേസമയം, നാശനഷ്ടങ്ങളുടെ റിപ്പോര്‍ട്ട് അവര്‍ പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കുകയും 15 മിനിറ്റ് കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ബംഗാളിലെ വെസ്റ്റ് മിഡ്‌നാപൂര്‍ ജില്ലയിലെ കലൈകുന്ദ എയര്‍ ബേസില്‍ വെള്ളിയാഴ്ച ഉച്ചക്കുശേഷമായിരുന്നു കൂടിക്കാഴ്ച. ദുരിതാശ്വാസമായി 20,000 കോടി ആവശ്യപ്പെട്ടുള്ള റിപ്പോര്‍ട്ടാണ് അവര്‍ മോദിക്ക് കൈമാറിയത്
.
പ്രധാനമന്ത്രി യോഗം വിളിച്ചെങ്കിലും മുഖമന്ത്രിയുെട ഓഫിസിനെ അറിയിച്ചിരുന്നില്ലെന്ന് മമത പിന്നീട് പറഞ്ഞു. ‘എനിക്ക് ദിഘയില്‍ ഒരു യോഗത്തില്‍ പങ്കെടുക്കേണ്ടതുണ്ട്. അതിനാല്‍, കലൈകുന്ദയില്‍ പോയി 20,000 കോടി രൂപ ആവശ്യപ്പെട്ടുള്ള റിപ്പോര്‍ട്ട് നല്‍കി. സംസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ ദിഘയിലെ യോഗത്തില്‍ പങ്കെടുക്കാനായി കാത്തിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ അനുമതി വാങ്ങി അവിടേക്ക് പോവുകയായിരുന്നു‘ –മമത പറഞ്ഞു.
അതേസമയം, പ്രധാനമന്ത്രി പങ്കടുത്ത യോഗത്തില്‍ ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍ഖര്‍, പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി എന്നിവര്‍ സന്നിഹിതരായിരുന്നു. മമത ഭരണഘടനയെയും നിയമവാഴ്ചയെയും ലംഘിക്കുകയാണെന്ന് ഗവര്‍ണര്‍ യോഗത്തിനുശേഷം കുറ്റപ്പെടുത്തി. മമതക്കായി ഗവര്‍ണര്‍ 30 മിനിറ്റ് കാത്തുനിന്നതായും റിപ്പോര്‍ട്ടുണ്ട്.
പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായിട്ടാണ് മമത ബാനര്‍ജിയും മോദിയും കണ്ടുമുട്ടുന്നത്. നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ 125ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് കൊല്‍ക്കത്തയിലെ വിക്ടോറിയ മെമ്മോറിയലില്‍ ജനുവരി 23നാണ് അവര്‍ അവസാനമായി മുഖാമുഖം കണ്ടത്. അന്ന് ബി.ജെ.പി പ്രവര്‍ത്തകരുടെ ‘ജയ് ശ്രീ റാം‘ വിളികളെ തുടര്‍ന്ന് പ്രസംഗം തടസ്സപ്പെടുകയും അതില്‍ പ്രകോപിതയായ മമത പരിപാടിയില്‍നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു.
ബംഗാളില്‍ ഒരു കോടി ആളുകളെയാണ് ‘യാസ്‘ ചുഴലിക്കാറ്റ് ബാധിച്ചത്. മൂന്നു ലക്ഷം വീടുകള്‍ക്കെങ്കിലും കേടു പറ്റിയിട്ടുണ്ടെന്നും കൊടുങ്കാറ്റ് ഏറ്റവും അധികം ബാധിച്ച സംസ്ഥാനമായി ബംഗാള്‍ മാറിയെന്നും മമത പറഞ്ഞിരുന്നു.