കോവിഡ് രണ്ടാം തരംഗത്തിന് പ്രധാനമന്ത്രി മാത്രമാണ് ഉത്തരവാദിയെന്ന് രാഹുല്‍ ഗാന്ധി
May 28, 2021 6:02 pm
0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി കോവിഡ് രണ്ടാം തരംഗം കൈകാര്യം ചെയ്ത രീതിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്രസര്‍ക്കാരിന്‍റെ കോവിഡ് വാക്സിന്‍ സ്ട്രാറ്റജി മാറ്റിയില്ലെങ്കില്‍ രാജ്യം മൂന്നും നാലും അഞ്ചും കോവിഡ് തരംഗങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വരുമെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
‘പ്രധാനമന്ത്രി തന്ത്രപരമായി ചിന്തിക്കുന്നേയില്ല. അദ്ദേഹം ഒരു ഇവന്‍റ് മാനേജറാണ്. ഈയവസരത്തില്‍ നമുക്ക് സംഭവങ്ങളല്ല, നയങ്ങളാണ് വേണ്ടത്. മനുഷ്യര്‍ മരിച്ചുവീഴുന്ന ഈ സന്ദര്‍ഭത്തിലെങ്കിലും മോദി ഒരു വാക്സിന്‍ നയം രൂപീകരിക്കണം‘- വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.
‘മോദി കാഴ്ചക്കാരനായി നോക്കിയിരുന്നതുകൊണ്ടാണ് ഇവിടെ രണ്ടാം തരംഗം ഉണ്ടായതും കോവിഡ് കേസുകളില്‍ റെക്കോര്‍ഡ് വര്‍ധനയും മരണവും ഉണ്ടായതും. നമ്മള് വാക്സിന്‍റെ തലസ്ഥാനമാണ്. നമുക്ക് വാക്സിന്‍ നിര്‍മിക്കാമായിരുന്നു. കോവിഡ് ആദ്യതരംഗത്തെക്കുറിച്ച് ആര്‍ക്കും അറിവുണ്ടായിരുന്നില്ല. എന്നാല്‍ രണ്ടാം തരംഗം ഉണ്ടായതിന്‍റെ ഉത്തരവാദി പ്രധാനമന്ത്രി മാത്രമാണ്. അദ്ദേഹത്തിന്‍റെ പബ്ലിസിറ്റി സ്റ്റണ്ടുകള്‍, മരണനിരക്കിനെ ക്കുറിച്ചുള്ള നുണകള്‍ ഇതെല്ലാമാണ് രാജ്യത്തെ ഈ അവസ്ഥയിലെത്തിച്ചത്.’ –രാഹുല്‍ ഗാന്ധി പറഞ്ഞു.
നിങ്ങളുടെ വാക്സിനേഷന്‍ നയം ശരിയാക്കൂ, കൊറോണ വൈറസിന് മ്യൂട്ടേഷന്‍ നടത്താനുള്ള അവസരം നല്‍കാതിരിക്കൂ. നയം ശരിയായില്ലെങ്കില്‍ മുന്നും നാലും അഞ്ചും കോവിഡ് തരംഗങ്ങളിലൂടെ നാം കടന്നുപോകേണ്ടി വരുമെന്നും രാഹുല്‍ മുന്നറിയിപ്പ് നല്‍കി.