Wednesday, 7th May 2025
May 7, 2025

ടോമിന്‍ ജെ തച്ചങ്കരിയെ മനുഷ്യാവകാശ കമ്മീഷനിലേക്ക് മാറ്റി; പുതിയ തസ്തിക സൃഷ്ടിച്ച്‌ നിയമനം, തീരുമാനം തച്ചങ്കരിയുടെ ആവശ്യപ്രകാരമെന്ന് സൂചന

  • May 26, 2021 7:44 pm

  • 0

കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ സി എം ഡിയായിരുന്ന ടോമിന്‍ ജെ തച്ചങ്കരിയെ മനുഷ്യാവകാശ കമ്മീഷനിലേക്കാണ് മാറ്റി. മനുഷ്യാവകാശ കമ്മീഷനില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ എന്ന എക്സ് കേഡര്‍ തസ്തിക പുതുതായി സൃഷ്ടിച്ചുകൊണ്ടാണ് മാറ്റം. കെ എഫ് സിയില്‍ നിന്നും തന്നെ മാറ്റണമെന്ന് തച്ചങ്കരി സര്‍ക്കാരിനോട് ആവശ്യപ്പെട്ടതിന്‍്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴുള്ള ഈ നടപടിയെന്നാണ് സൂചന.

ഇതാദ്യമായാണ് ഡിജിപി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍ മനുഷ്യാവകാശ കമ്മീഷനില്‍ എത്തുന്നത്. ഡിജിപി ലോക്നാഥ് ബഹ്‌റയ്ക്ക് ശേഷം സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് തച്ചങ്കരി പരിഗണിക്കപ്പെടുന്നു എന്ന വാര്‍ത്തകള്‍ വരുന്നതിനിടെയാണ് ഈ പുതിയ നടപടി.

അതേസമയം,ഷര്‍മിള മേരിയെ പുതിയ കായിക സെക്രട്ടറിയായി നിയമിച്ചിട്ടുണ്ട്. അഭ്യന്തര സെക്രട്ടറിയായിരുന്ന സഞ്ജയ് കൗളിനെ കെഎഫ്സി എംഡിയായി മാറ്റി നിയമിച്ചു. ബി.അശോകിനെ വീണ്ടും ഊ‍ര്‍ജ്ജവകുപ്പ് സെക്രട്ടറിയായി നിയമിച്ചു. മുന്‍വൈദ്യുതി മന്ത്രി എം.എം.മണിയുമായുള്ള അഭിപ്രായഭിന്നതയെ തുട‍ര്‍ന്ന് അദ്ദേഹത്തെ നേരത്തെ ഊ‍ര്‍ജ്ജവകുപ്പില്‍ നിന്നും കെ ടി ഡി എഫ് സി മാറ്റിയിരുന്നു.