Wednesday, 7th May 2025
May 7, 2025

പണമില്ലെങ്കില്‍ ഭാര്യയുടെ സ്വര്‍ണം വിറ്റു പണം നല്‍കാന്‍ വരെ അവര്‍ എന്നോടു പറഞ്ഞു; ഗുരുതര ആരോപണങ്ങളുമായി ധര്‍മജന്‍ ബോള്‍ഗാട്ടി

  • May 24, 2021 12:06 pm

  • 0

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ പേരില്‍ വന്‍ പണ പിരിവ് നടത്തിയെന്നും, പൈസ നേതാക്കളുള്‍പ്പടെ തട്ടിയെന്നും നടനും ബാലുശ്ശേരി മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായിരുന്ന ധര്‍മജന്‍ ബോള്‍ഗാട്ടി ആരോപിച്ചിരുന്നു. കെ പി സി സി സെക്രട്ടറിയുടെ പേരില്‍ പണപിരിവ് നടത്തിയെന്നായിരുന്നു താരത്തിന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി കെ പി സി സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് പരാതിയും നല്‍കിയിരുന്നു.

ഇപ്പോഴിതാ മണ്ഡലത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി ധര്‍മജന്‍ രംഗത്തെത്തിയിരിക്കുകയാണ്. സിനിമാ താരമായതുകൊണ്ട് കോടിക്കണക്കിന് രൂപയുമായിട്ടാണ് താന്‍ മത്സരിക്കാന്‍ വരുന്നതെന്നായിരുന്നു അവര്‍ വിചാരിച്ചതെന്ന് താരം പറയുന്നു.

താനൊരു സാധാരണ സിനിമാക്കാരനാണെന്നും, തിരഞ്ഞെടുപ്പ് നടത്താന്‍ ആവശ്യത്തിനുള്ള തുക ചിലവഴിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ആദ്യമായി മണ്ഡലത്തില്‍ എത്തിയപ്പോള്‍ത്തന്നെ കൂടുതല്‍ പണം ചിലവാകുമെന്ന് പറഞ്ഞ് നിരുത്സാഹപ്പെടുത്താനാണ് നേതാക്കള്‍ ശ്രമിച്ചതെന്നും, അവര്‍ നിരന്തരം പണം ആവശ്യപ്പെട്ടുവെന്നും ധര്‍മജന്‍ കൂട്ടിച്ചേര്‍ത്തു.

ഒരോ സിനിമാ താരത്തിന്റെയും കൈയില്‍ നിന്ന് സംഭാവനയായി ഒരു ലക്ഷം വീതം വാങ്ങിയാല്‍ പോരെ എന്നായിരുന്നു ഒരു നേതാവ് ചോദിച്ചതെന്നും, പണമില്ലെങ്കില്‍ ഭാര്യയുടെ സ്വര്‍ണം വിറ്റ് പണം നല്‍കാന്‍ ആവശ്യപ്പെട്ടുവെന്നും ധര്‍മജന്‍ വെളിപ്പെടുത്തി. ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം