Thursday, 23rd January 2025
January 23, 2025

ഐ.പി.എല്ലില്‍ താരങ്ങള്‍ക്ക്​​ കോവിഡ്​; ഇന്നത്തെ കൊല്‍ക്കത്ത- ബാംഗ്ലൂര്‍ കളി മാറ്റി

  • May 3, 2021 3:41 pm

  • 0

മുംബൈ: കൊല്‍ക്കത്ത നൈറ്റ്​ ​റൈ​േഡഴ്​സ്​ താരങ്ങളായ സന്ദീപ്​ വാര്യറും വരുണ്‍ ചക്രവര്‍ത്തിയും കോവിഡ്​ പോസിറ്റീവായതോടെ ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ തിങ്കളാഴ്​ചത്തെ കളി നീട്ടി. കൊല്‍ക്കത്തയും ബാംഗ്ലൂരും തമ്മിലെ മത്സരമാണ്​ നീട്ടിവെച്ചത്​. കൊല്‍ക്കത്ത ക്യാമ്ബില്‍ പലര്‍ക്കും രോഗബാധ സംശയിക്കുന്നതായും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. മലയാളി താരമാണ്​ സന്ദീപ്​ വാര്യര്‍.

ചക്രവര്‍ത്തിയുടെ കോവിഡ്​ പരിശോധനാ ഫലം പൊസിറ്റീവ്​ ആണെന്ന്​ ഞായറാഴ്ച വൈകീട്ടാണ്​ വിവരം ലഭിച്ചത്​. പിന്നാലെ, സന്ദീപിന്‍റെ ഫലവും പോസിറ്റീവ്​ ആയി. തുടര്‍ന്ന്​ ടീമംഗങ്ങള്‍ ഐസൊലേഷനിലേക്ക്​ മാറുകയായിരുന്നു. ഇതിനകം പാതി പിന്നിട്ട ഐ.പി.എല്‍ പുതിയ സീസണ്‍ ബയോ ബബ്​ള്‍ സുരക്ഷയോടെ അടച്ചിട്ട സ്​റ്റേഡിയങ്ങളിലാണ്​ നടക്കുന്നത്​.

ഇത്ര കനത്ത സുരക്ഷാ വലയങ്ങള്‍ക്കിടയില്‍നിന്ന്​ താരങ്ങള്‍ക്ക്​ ​കോവിഡ്​ ബാധിക്കാന്‍ കാരണം എന്തെന്ന്​ ടീം അധികൃതര്‍ സൂചന നല്‍കിയിട്ടുണ്ട്​. പരിശീലനത്തിനും കളിക്കുമിടെ പരിക്കേറ്റതിനെ തുടര്‍ന്ന്​ സ്​കാനിങ്ങിനും പരിശോധനകള്‍ക്കുമായി ഇരുവരും ആശുപത്രിയില്‍ പോയിരുന്നു. അവടെ നിന്നാകാം രോഗം പകര്‍ന്നതെന്നാണ്​ നിഗമനം.

അവസാനമായി ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ അഹ്​മദാബാദിലാണ്​ കൊല്‍ക്കത്ത കളിച്ചത്​. കോവിഡ്​ സ്​ഥിരീകരിച്ച സാഹചര്യത്തില്‍ കളിക്കാന്‍ ബാംഗ്ലൂരിന്​ താല്‍പര്യമില്ലെന്ന്​ കണക്കാക്കിയാണ്​ നീട്ടിവെക്കല്‍. നീട്ടിവെച്ച മത്സരത്തിന്‍റെ പുതിയ തീയതി പിന്നീട്​ അറിയിക്കും.