Friday, 31st January 2025
January 31, 2025

പ്രതിഷേധം ശക്തമാക്കാന്‍ തീരുമാനം; ആറിന്‌ കര്‍ഷകര്‍ വഴിതടയും

  • February 2, 2021 2:31 pm

  • 0

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം കൂടുതല്‍ ശക്തമാക്കാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചു. ആറിന് രാജ്യവ്യാപകമായി റോഡ് തടയല്‍ സമരം നടത്തുമെന്ന് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന കര്‍ഷകസംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാന്‍ മോര്‍ച്ച പ്രഖ്യാപിച്ചു. പകല്‍ 12 മുതല്‍ മൂന്നുവരെ എല്ലാ ദേശീയ, സംസ്ഥാന പാതകളും ഉപരോധിക്കും.

ബജറ്റ് ദിനത്തില്‍ കര്‍ഷകര്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച്‌ നടത്തിയേക്കുമെന്ന അഭ്യൂഹത്തെ തുടര്‍ന്ന് അതിര്‍ത്തികളില്‍നിന്ന് നഗരത്തിലേക്കുള്ള പ്രധാന റോഡുകളെല്ലാം ബാരിക്കേഡുകള്‍ ഉയര്‍ത്തി പൊലീസ് അടച്ചിരുന്നു. പൊലീസിന്റെ റോഡ് ഉപരോധം നഗരത്തില്‍ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചു.

പാര്‍ലമെന്റിലും പ്രതിഷേധം ശക്തമാക്കും
കര്‍ഷക സമരം ഉയര്‍ത്തി പാര്‍ലമെന്റിലും പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷ പാര്‍ടികള്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പുതിയ കാര്‍ഷിക നിയമങ്ങള്‍ സഭ നിര്‍ത്തിവച്ച്‌ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ ലോക്സഭയിലും രാജ്യസഭയിലും അടിയന്തര പ്രമേയത്തിന് നോട്ടീന് നല്‍കി.

റിപ്പബ്ലിക് ദിനത്തിലെ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ പൊലീസുകാര്‍ക്ക് ഡല്‍ഹി പൊലീസ് ധനസഹായം പ്രഖ്യാപിച്ചു. അതീവഗുരുതരമായി പരിക്കേറ്റവര്‍ക്ക് 25,000 രൂപയും മറ്റ് ഗുരുതര പരിക്കുള്ളവര്‍ക്ക് പതിനായിരം രൂപയുമാണ് നല്‍കുക. സംഘര്‍ഷത്തില്‍ 394 പൊലീസുകാര്‍ക്ക് പരിക്കേറ്റതായാണ് അവകാശവാദം.
സിന്‍ഘുവിലെ കര്‍ഷസമരകേന്ദ്രത്തില്‍ അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ മന്‍ദീപ് പുനിയയുടെ ജാമ്യാപേക്ഷ ചൊവ്വാഴ്ച ഡല്‍ഹി കോടതി പരിഗണിക്കും. കര്‍ഷകരെ ഇളക്കിവിടാന്‍ ശ്രമിച്ചുവെന്നാണ് പുനിയയ്ക്കെതിരായ പൊലീസ് ആരോപണം.

കര്‍ഷകപ്രക്ഷോഭത്തെ അനുകൂലിക്കുന്ന 250 ട്വിറ്റര്‍ അക്കൗണ്ടുകള്‍ തടഞ്ഞു
കര്‍ഷക പ്രക്ഷോഭവവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവച്ച ഇരുന്നൂറ്റി അമ്ബതോളം ട്വിറ്റര്‍ അക്കൗണ്ടുകള്‍ താല്‍ക്കാലികമായി തടഞ്ഞു. കര്‍ഷക സംഘടനകളുടെ സംയുക്തവേദിയായ കിസാന്‍ ഏകതാ മോര്‍ച്ച, ദി കാരവന്‍ മാഗസിന്‍, സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം മുഹമ്മദ് സലിം, സിപിഐ എം പുതുച്ചേരി തുടങ്ങിയവരുടെ ഔദ്യോഗിക അക്കൗണ്ടുകളാണ് ട്വിറ്റര്‍ തടഞ്ഞത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെയും വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെയും പരാതിയെ തുടര്‍ന്നാണ് ട്വിറ്ററിന്റെ നടപടി. ക്രമസമാധാനപാലനത്തിന് വെല്ലുവിളിയാണെന്ന് ആരോപിച്ചാണ് പരാതി. യാഥാര്‍ഥ്യം പുറത്തുവരാതിരിക്കാനും വ്യത്യസ്ത സമരകേന്ദ്രങ്ങളുടെ ഏകോപനം തകര്‍ക്കാനുമുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് കര്‍ഷക നേതാക്കള്‍ പറഞ്ഞു.

ഈ പട്ടികയില്‍ പ്രസാര്‍ ഭാരതി സിഇഒ ശശി ശേഖറിന്റെ അക്കൗണ്ടും ഉള്‍പ്പെട്ടു. ഇത് അബദ്ധത്തില്‍ സംഭവിച്ചതാകാമെന്ന് വൃത്തങ്ങള്‍ പറഞ്ഞു. 26ലെ കര്‍ഷക റാലിക്കിടെ പ്രക്ഷോഭകന്‍ മരിച്ച സംഭവത്തില്‍ തെറ്റായ വിവരം പ്രചരിപ്പിച്ചെന്ന പേരില്‍ കാരവന്‍ മാഗസിന്‍ എഡിറ്റര്‍ക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തിരുന്നു. സിന്‍ഘുവിലടക്കം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റിലായിട്ടുണ്ട്.