Thursday, 23rd January 2025
January 23, 2025

ഐപിഎല്‍ ലേലം ഫെബ്രുവരി 18ന് ചെന്നൈയില്‍

  • January 27, 2021 2:24 pm

  • 0

വരുന്ന സീസണു മുന്നോടിയായുള്ള ഐപിഎല്‍ ലേലം ഫെബ്രുവരി 18ന് ചെന്നൈയില്‍ വച്ച്‌ നടക്കും. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് തീയതിയും ദിവസവും അറിയിച്ചത്. ലേലത്തിനു മുന്നോടിയായി ഫ്രാഞ്ചൈസികള്‍ വിവിധ താരങ്ങളെ റിലീസ് ചെയ്തിരുന്നു. അടുത്ത സീസണ്‍ ഐപിഎല്‍ ഇന്ത്യയില്‍ വച്ച്‌ തന്നെ നടത്തുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്.

അതേസമയം, രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ ടീമിന്‍്റെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് ആയി മുന്‍ ശ്രീലങ്കന്‍ വിക്കറ്റ് കീപ്പര്‍ കുമാര്‍ സംഗക്കാരയെ നിയമിച്ചിരുന്നു. 2021 ഐപിഎല്‍ ലേലത്തിനു മുന്നോടിയായി താരങ്ങളെ റിലീസ് ചെയ്തപ്പോള്‍ തന്നെ ടീം ഉടമ മനോജ് ബദാലെ ഇക്കാര്യം അറിയിച്ചിരുന്നു. പുതിയ റോള്‍ വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് സംഗ പ്രതികരിച്ചു.

മലയാളി താരം സഞ്ജു സാംസണെ രാജസ്ഥാന്‍ ക്യാപ്റ്റനായി നിയമിച്ചിരുന്നു. കഴിഞ്ഞ സീസണില്‍ തങ്ങളെ നയിച്ച ഓസീസ് താരം സ്റ്റീവ് സ്മിത്തിനെ റിലീസ് ചെയ്താണ് രാജസ്ഥാന്‍ സഞ്ജുവിന് ക്യാപ്റ്റന്‍ സ്ഥാനം നല്‍കിയത്. കോര്‍ ഗ്രൂപ്പ് രാജസ്ഥാന്‍ അങ്ങനെ തന്നെ നിലനിര്‍ത്തിയിട്ടുണ്ട്. ബെന്‍ സ്റ്റോക്സ്, ജോസ് ബട്‌ലര്‍, റിയന്‍ പരഗ്, രാഹുല്‍ തെവാട്ടിയ തുടങ്ങിയ താരങ്ങള്‍ ടീമിലുണ്ട്. സ്മിത്തിനൊപ്പം ഒഷേന്‍ തോമസ്, ടോം കറന്‍, അങ്കിത് രാജ്പൂത്, ആകാശ് സിംഗ്, അനിരുദ്ധ ജോഷി, ശശാങ്ക് സിംഗ്, വരുണ്‍ ആരോണ്‍ എന്നിവരെയും രാജസ്ഥാന്‍ റിലീസ് ചെയ്തു.