
മകള്‍ മരിച്ച നിലയില്‍; പ്രതിഷേധിച്ച പിതാവിനെ തൊഴിച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍
February 27, 2020 6:00 pm
0
ഹൈദരബാദ്: തെലങ്കാനയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച കോളേജ് വിദ്യാര്‍ഥിനിയുടെ പിതാവിനെ പോലീസുകാരന്‍ ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. പെണ്‍കുട്ടിയുടെ അച്ഛനെ പോലീസ് കോണ്‍സ്റ്റബിളായ ശ്രീധര്‍ തൊഴിക്കുന്നതിന്റെ വീഡിയോ സമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് തെലങ്കാന പോലീസ് ഉത്തരവിട്ടു.
ചൊവ്വാഴ്ചയാണ് തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ കോളേജ് ഹോസ്റ്റലില്‍ 16 കാരിയായ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിനിടെയാണ് സംഭവമുണ്ടായത്. മകളുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസുദ്യോഗസ്ഥന്‍ കുട്ടിയുടെ അച്ഛനെ തൊഴിച്ചത്.
മൃതദേഹവുമായി പോലീസുകാര്‍ മോര്‍ച്ചറിയിലേക്ക് വരുന്നതിനിടെ പെണ്‍കുട്ടിയുടെ അച്ഛന്‍ അതിന് മുന്നിലേക്ക് വീണ് കിടക്കുന്നതും പ്രതിഷേധിക്കുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്ന് പോലീസ് കോണ്‍സ്റ്റബിള്‍ ഇദ്ദേഹത്തെ ചവിട്ടുന്നതും പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നതും കാണാം. എന്നിട്ടും എണീറ്റ് മാറാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന സ്ത്രീയെത്തി അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്.
കോണ്‍സ്റ്റബിള്‍ ശ്രീധറിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. പെണ്‍കുട്ടിയുടെ അച്ഛനുള്‍പ്പെടെയുള്ള ബന്ധുക്കള്‍ മൃതദേഹം പോലീസിന്റെ പക്കല്‍ നിന്ന് ബലം പ്രയോഗിച്ച് കടത്താന്‍ ശ്രമിച്ചതായി പോലീസുദ്യോഗസ്ഥയായ ചന്ദന ദീപ്തി ആരോപിച്ചു. പോസ്റ്റ് മോര്‍ട്ടത്തിനായി നിര്‍ബന്ധ പൂര്‍വം കൊണ്ടുപോകുന്നതിനിടെയാണ് അനിഷ്ടസംഭവമുണ്ടായതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പെണ്‍കുട്ടി പനിബാധിച്ചതിനെ തുടര്‍ന്ന് അവശയായിരുന്നതായും വിഷാദരോഗത്തിനടിമയായിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. കോളേജിന്റെ ഭാഗത്ത് നിന്നുണ്ടായ അവഗണനയാണ് കുട്ടിയുടെ ആത്മഹത്യയ്ക്കിടയാക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് പെണ്‍കുട്ടിയെ ഹോസ്റ്റലിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.