Friday, 31st January 2025
January 31, 2025

US പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഇന്ന് ഇന്ത്യയില്‍; വന്‍ വരവേല്‍പ്പിനൊരുങ്ങി രാജ്യം!!

  • February 24, 2020 11:00 am

  • 0

ന്യൂഡല്‍ഹി: ആദ്യമായി ഇന്ത്യാ സന്ദര്‍ശനത്തിനെത്തുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെ വരവേല്‍ക്കാനൊരുങ്ങി രാജ്യം

അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യന്‍ മണ്ണില്‍ സ്പര്‍ശിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ആദ്യമായി ഇന്ത്യയിലെത്തുന്ന ട്രംപ് 36 മണിക്കൂര്‍ ഇന്ത്യയിലുണ്ടാവും. ഭാര്യ മെലാനിയ, മകള്‍ ഇവാന്‍ക, ഇവാന്‍കയുടെ ഭര്‍ത്താവ് ജെറാദ് കുഷ്‌നര്‍ എന്നിവരും ഉന്നതതല പ്രതിനിധി സംഘവും ട്രംപിനെ അനുഗമിക്കും.
ട്രംപിന്‍റെ ആദ്യ ഇന്ത്യാ സന്ദര്‍ശനം ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷിബന്ധത്തില്‍ പുതിയ അധ്യായമായി മാറുമെന്നാണ് നയതന്ത്രലോകത്തിന്‍റെ പ്രതീക്ഷ.

അധികാരത്തിലിരിക്കെ ഇന്ത്യയിലെത്തുന്ന ഏഴാമത്തെ അമേരിക്കന്‍ പ്രസിഡന്‍റാണ് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ 4 പ്രസിഡന്‍റുമാരാണ് ഇന്ത്യയിലെത്തിയത്.

1959ലാണ് ആദ്യമായി ഒരു അമേരിക്കന്‍ പ്രസിഡന്‍റ് ഇന്ത്യയിലെത്തുന്നത്. ഡൈ്വറ്റ് ഡി ഐസനോവര്‍. കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുകയായിരുന്ന ഇന്ത്യയ്ക്ക് കൂടുതല്‍ സഹായം നല്‍കി സോവിയറ്റ് യൂണിയന്‍റെ സ്വാധീനം കുറക്കുകയായിരുന്നു ലക്ഷ്യം. പ്രധാനമന്ത്രി നെഹ്രുമായി കൂടിക്കാഴ്ച്ച നടത്തിയ ഐസനോവര്‍ പാര്‍ലമെന്‍റിന്‍റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തു.

പത്ത് വര്‍ഷത്തിന് ശേഷം, അഥവാ 1969ല്‍ ഇന്ത്യയിലെത്തിയ റിച്ചാര്‍ഡ് നിക്സനാണ് രാജ്യം സന്ദര്‍ശിച്ച രണ്ടാമത്തെ അമേരിക്കന്‍ പ്രസിഡന്‍റ്. ഇന്ത്യാപാക് ബന്ധം ഏറെ വഷളായിരുന്ന അക്കാലത്ത് പാക്കിസ്ഥാനെ പിന്തുണച്ചിരുന്ന നിക്സന്‍റെ സന്ദര്‍ശനം വന്‍ പരാജയമായി. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമായള്ള ചര്‍ച്ചയില്‍ ഒരു ധാരണയുമുണ്ടായില്ല. 1978ലാണ് അന്നത്തെ അമേരിക്കന്‍ പ്രസിഡന്‍റ് ജിമ്മി കാര്‍ട്ടര്‍ ഇന്ത്യ സന്ദര്‍ശിച്ചത്. മൊറാജി ദേശായിയിരുന്നു അന്നത്തെ പ്രധാനമന്ത്രി.

2000ലെ ബില്‍ ക്ലിന്‍റന്‍റെ സന്ദര്‍ശനത്തോടെയാണ് ഇന്ത്യയും അമേരിക്കയും കൂടുതല്‍ അടുത്തത്. സോവിയറ്റ് യൂണിയന്‍റെ തകര്‍ച്ചയും, സാമ്ബത്തികരംഗത്ത് തുടക്കം കുറിച്ച ഉദാവത്ക്കരണ നയങ്ങളും രാജ്യാന്തരതലത്തില്‍ ഇന്ത്യയുടെ സ്ഥാനം പുനക്രമീകരിക്കപ്പെടുന്ന കാലമായിരുന്നു അത്. തുടര്‍ന്ന് അധികാരത്തിലെത്തിയ മുഴുവന്‍ പ്രസിഡന്‍റുമാരും ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തി. 2006ലെ ജോര്‍ജ് ഡബ്ലു ബുഷിന്‍റെ സന്ദര്‍ശനത്തിലാണ് ഇന്ത്യ അമേരിക്ക ആണവകരാര്‍ ഒപ്പുവെച്ചത്.

അതേസമയം, മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബറാക്ക് ഒബാമ രണ്ട് തവണ ഇന്ത്യ സന്ദര്‍ശിച്ച്‌ ചരിത്രം സൃഷ്ടിച്ചു. 2010ലും 2015ലും ബറാക്ക് ഒബാമ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തി. 2015 റിപ്പബ്ലിക് ദിനത്തില്‍ വിശിഷ്ടാതിഥിയായാണ് ഒബാമ ഇന്ത്യയിലെത്തിയത്. അധികാരത്തിലിരിക്കെ രണ്ട് തവണ ഇന്ത്യ സന്ദര്‍ശിച്ച ഏക പ്രസിഡന്‍റ് കൂടിയാണ് ഒബാമ.