കങ്കാരുക്കളെ എറിഞ്ഞിട്ട് ഇന്ത്യന്‍ പെണ്‍പടയ്ക്ക് ത്രസിപ്പിക്കുന്ന വിജയം
February 21, 2020 6:00 pm
0
ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന വിജയം. ഓസ്‌ട്രേലിയയുടെ ഓപ്പണര്‍ അലൈസ ഹീലിയുടെ അര്‍ദ്ധ ശതക പ്രകടനത്തെയും ആഷ്‌ലി ഗാര്‍ഡ്‌നറുടെ ചെറുത്ത് നില്‍പ്പിനെയും അതിജീവിച്ച് ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യ വിജയിച്ചു കയറി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 133 റണ്‍സ് വിജയലക്ഷ്യമാണ് ഓസ്‌ട്രേലിയക്ക് മുന്നില്‍ വച്ചത്. എന്നാല്‍ കങ്കാരുക്കളെ 19.5 ഓവറില്‍ 115 റണ്‍സില്‍ ഓള്‍ഔട്ട് ആക്കി ഇന്ത്യന്‍ പെണ്‍പട 17 റണ്‍സിന്റെ വിജയം പിടിച്ചെടുത്തു.
35 പന്തില്‍ നിന്ന് 51 റണ്‍സ് നേടിയ അലൈസ ഹീലിയും 34 റണ്‍സ് നേടിയ ആഷ്‌ലി ഗാര്‍ഡ്‌നറെയും മാറ്റി നിര്‍ത്തിയാല്‍ മറ്റു താരങ്ങള്‍ക്കാര്‍ക്കും തന്നെ മികവ് പുറത്തെടുക്കുവാനായിരുന്നില്ല. ഇന്ത്യയ്ക്കായി പൂനം യാദവ് നാല് വിക്കറ്റ് വീഴ്ത്തിയാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. അടുത്തടുതത് പന്തുകളില്‍ എല്‍സെ പെറി, റേച്ചല്‍ ഹെയ്ന്‍സ് എന്നിവരെ പുറത്താക്കിയ പൂനം യാദവ് ഓസ്‌ട്രേലിയയെ 76 ന് 3 എന്ന നിലയില്‍ നിന്ന് 82 ന് 6 എന്ന നിലയിലേക്ക് തള്ളിയിട്ടു.
പൂനം യാദവിന് പുറമെ ശിഖ പാണ്ടേ 3 വിക്കറ്റ് നേടി ഓസ്‌ട്രേലിയയ്ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. 19 റണ്‍സ് മാത്രം വിട്ട് നല്‍കിയാണ് പൂനം യാദവ് തന്റെ നാല് വിക്കറ്റ് നേടിയത്. ശിഖ പാണ്ടേ തന്റെ 3.5 ഓവറില്‍ 14 റണ്‍സാണ് വിട്ട് നല്‍കിയത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് ഇത്രയും റണ്‍സെടുത്തത്. ദീപ്തി ശര്‍മ (പുറത്താവാതെ 49)യാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഷെഫാലി വര്‍മ (29), ജമീമ റോഡ്രിഗസ് (26) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. രണ്ട് വിക്കറ്റ് നേടിയ ജെസ് ജോനസെനാണ് ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍ തകര്‍ത്തത്.
സ്മൃതി മന്ഥാന (10), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (2) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങേണ്ടി വന്നെങ്കിലും മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. നാല് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 40 റണ്‍സെടുക്കാന്‍ ഇന്ത്യക്കായിരുന്നു. എന്നാല്‍ അഞ്ചാം ഓവറിന്റെ ആദ്യ പന്തില്‍ മന്ഥാന മടങ്ങി.
തൊട്ടടുത്ത ഓവറില്‍ ഷെഫാലിയും മടങ്ങി. തകര്‍ത്തടിച്ച ഷെഫാലി 15 പന്തിലാണ് 29 റണ്‍സ് നേടിയിരുന്നു. ഒരു സിക്സും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു ഷെഫാലിയുടെ ഇന്നിങ്സ്. അധികം വൈകിയില്ല അടുത്ത ഓവറില്‍ ക്യാപ്റ്റനും വീണു. ജോനസെനെതിരെ അനാവശ്യ ഷോട്ടിന് മുതിര്‍ന്ന് കൗര്‍ മടങ്ങിയത്. പിന്നീട് ഒത്തുച്ചേര്‍ന്ന ജമീമ– ദീപ്തി സഖ്യം 53 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ഇന്നിങ്സിന് നെടുന്തൂണായതും ഈ ഇന്നിങ്സ് തന്നെ. വേദ കൃഷ്ണമൂര്‍ത്തി (9) പുറത്താവാതെ നിന്നു.