ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ആളൊഴിഞ്ഞ ക്ലാസ് മുറിയില്‍ കൊണ്ടുപോയി അശ്ലീല ചിത്രങ്ങള്‍ കാട്ടി അധ്യാപകരും സുഹൃത്തുക്കളുമടക്കം അഞ്ചുപേര്‍ ചേര്‍ന്ന് കൂട്ടമാനഭംഗത്തിനിരയാക്കി; പീഡനത്തിനിരയായ കുട്ടി അത്യാസന്നനിലയില്‍; പ്രതികള്‍ പിടിയില്‍
January 21, 2020 8:00 pm
0
മുംബൈ: ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ആളൊഴിഞ്ഞ ക്ലാസ് മുറിയില്‍ കൊണ്ടുപോയി അശ്ലീല ചിത്രങ്ങള്‍ കാട്ടി അധ്യാപകരും സുഹൃത്തുക്കളുമടക്കം അഞ്ചുപേര്‍ ചേര്‍ന്ന് കൂട്ടമാനഭംഗത്തിനിരയാക്കി. പീഡനത്തിനിരയായ കുട്ടി ഇപ്പോള്‍ അത്യാസന്നനിലയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവം അറിഞ്ഞെത്തിയ പൊലീസ് പ്രതികളെ കൈയ്യോടെ പിടികൂടി. മഹാരാഷ്ട്രയിലെ സന്ദെഡ് ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. പ്രതികള്‍ക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു.
പെണ്‍കുട്ടിയുടെ അധ്യാപകരും അവരുടെ സുഹൃത്തുക്കളും ചേര്‍ന്ന് സ്‌കൂളിലെ സാംസ്‌കാരിക പരിപാടിയുടെ വീഡിയോ കാണിക്കാനെന്ന് പറഞ്ഞ് ആളൊഴിഞ്ഞ ക്ലാസ് മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും തുടര്‍ന്ന് അശ്ലീല ചിത്രം കാണിക്കുകയുംമായിരുന്നു. ഇതിനിടെ ഭയന്ന് വിറച്ച പെണ്‍കുട്ടിയെ അഞ്ച് പേര്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ഇതിനിടെ അബോധാവസ്ഥയിലായ കുട്ടിയെ ആളൊഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിച്ച് പ്രതികള്‍ കടന്നു കളഞ്ഞു.
ഇതിനിടെ സ്‌കൂള്‍ സമയം കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതോടെ മാതാപിതാക്കളും ബന്ധുക്കളും തിരച്ചില്‍ ആരംഭിച്ചിരുന്നു. ഇതിനിടെ മാതാപിതാക്കള്‍ കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തി.
പ്രാഥമിക ചികിത്സ നല്‍കി ബോധം തിരികെ കിട്ടിയ കുട്ടി അമ്മയോട് പീഡനവിവരം പറയുകയായിരുന്നു. തുടര്‍ന്ന് സ്‌കൂളിലെത്തിയ അമ്മ പ്രധാനാധ്യാപകനെ കണ്ട് പരാതിപ്പെട്ടു. എന്നാല്‍ പൊലീസിനെ വിവരം അറിയിക്കാന്‍ പ്രധാനാധ്യാപകന്‍ സമ്മതിച്ചില്ല.
അമ്മയോട് പൊലീസില്‍ പരാതിപ്പെടില്ലെന്ന് സത്യം ചെയ്യിപ്പിച്ചാണ് പ്രധാനാധ്യാപകന്‍ വിട്ടതെന്ന് പൊലീസ് പറഞ്ഞു. ഒടുവില്‍ സംഭവം പൊലീസ് അറിഞ്ഞ് നേരിട്ടെത്തി മാതാപിതാക്കളില്‍ നിന്ന് മൊഴിയെടുക്കുകയും പരാതി എഴുതി വാങ്ങുകയും ചെയ്യുകയായിരുന്നു.