Thursday, 23rd January 2025
January 23, 2025

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ‘Superfan’ ചാരുലത പട്ടേല്‍ യാത്രയായി…’

  • January 16, 2020 4:00 pm

  • 0

ക്രിക്കറ്റ് ആരാധകര്‍എന്ന വാക്കിന് പുതിയ പര്യായമായിരുന്നു 88കാരിയായ അവര്‍. ക്രിക്കറ്റിനോടുള്ള അവരുടെ ആവേശം ലോകം മുഴുവനുമുള്ള ക്രിക്കറ്റ് പ്രേമികള്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു.

88ാം വയസിലായിരുന്നു അന്ത്യം. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഈ ‘Superfan’ യാത്രയാവുമ്ബോള്‍ ഇന്ത്യ വീണ്ടും ലോകകപ്പ് ഉയര്‍ത്തുന്നത് കാണുക എന്ന അവരുടെ സ്വപ്നമാണ് സഫലമാവാതെ അവശേഷിച്ചത്

2019ല്‍ എഡ്ബാസ്റ്റണില്‍ നടന്ന ലോകകപ്പ് മത്സരത്തില്‍ മുഖത്ത് ത്രിവര്‍ണപതാക വരച്ച്‌ കൈയില്‍ ട്രംപറ്റുമായി വീല്‍ചെയറിലാണ് അവര്‍ സ്റ്റേഡിയത്തില്‍ എത്തിയത്.

എം.എസ് ധോണിയും റിഷഭ് പന്തും ബാറ്റ് ചെയ്യുന്നതിനിടെ ട്രംപറ്റ് വായിച്ച്‌ ടീം ഇന്ത്യയെ പ്രോത്സാഹിപ്പിച്ച ഇവരെ കമന്‍ററി പറയുകയായിരുന്ന സൗരവ് ഗാംഗുലിയാണ് തിരിച്ചറിഞ്ഞത്. പിന്നീട് ഇവരെ തുടരെ തുടരെ ടെലിവിഷന്‍ പ്രേക്ഷകരെ കാണിക്കുകയും ചെയ്തിരുന്നു.

കാണികള്‍ക്ക് ആവേശം നല്‍കിയ ചാരുലതയെ കളിക്ക് ശേഷം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി എത്തി സന്തോഷം അറിയിച്ചിരുന്നു. തിരിച്ച്‌ വിരാടിനെ വാത്സല്യത്തോടെ നെറ്റിയില്‍ ഉമ്മവച്ച്‌ അനുഗ്രഹിക്കുകയും ചെയ്തു. ഇന്ത്യയുടെ ‘Superfan’ എന്നനിലയില്‍ BCCI ട്വീറ്റ് ചെയ്തതോടെ ഈ വലിയ ആരാധിക കൂടുതല്‍ പ്രശസ്തയായി. തുടര്‍ന്ന് ലോകകപ്പിലെ ഇന്ത്യയുടെ എല്ലാമത്സരങ്ങള്‍ക്കുമുള്ള ടിക്കറ്റും ചാരുലതയ്ക്ക് BCCI നല്‍കിയിരുന്നു. ഇന്നേവരെ ക്രിക്കറ്റിനോട് ഇത്രയും പാഷനും സമര്‍പ്പണവുമുള്ള ഒരു ആരാധികയെ കണ്ടിട്ടില്ലെന്ന് കോഹ്‌ലിയും അഭിപ്രായപ്പെട്ടിരുന്നു.

1983ല്‍ ഇന്ത്യന്‍ ടീം ആദ്യമായി ലോകകപ്പ് നേടിയപ്പോള്‍ ആ മത്സരം കാണുവാന്‍ ഗ്യാലറിയില്‍ അവര്‍ ഉണ്ടായിരുന്നു.

ജനുവരി 13ന് വൈകുന്നേരമാണ് ചാരുതല വിടവാങ്ങിയത്. ഇസ്റ്റഗ്രാമിലൂടെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ അത്യപൂര്‍വ ആരാധികയുടെ വിയോഗവിരം ലോകമറിഞ്ഞത്.

ചാരുലതയുടെ മരണത്തില്‍ BCCI അനുശോചനം രേഖപ്പെടുത്തി. ടീം ഇന്ത്യയുടെ സൂപ്പര്‍ ആരാധിക ചാരുലത പട്ടേല്‍ജി ഞങ്ങളുടെ ഹൃദയങ്ങളില്‍ തുടരും. ക്രിക്കറ്റിനോടുള്ള അവരുടെ അഭിനിവേശം നമ്മളെ പ്രചോദിപ്പിക്കുമെന്നും BCCI ട്വിറ്ററില്‍ കുറിച്ചു.