23 പ്രാവശ്യം ജയില്‍ നിയമങ്ങള്‍ തെറ്റിച്ചു, 1.37 ലക്ഷം ജോലി ചെയ്തുണ്ടാക്കി: നിര്‍ഭയ കേസ് പ്രതികളുടെ ഏഴ് വര്‍ഷക്കാല ജീവിതം ഇങ്ങനെ
January 16, 2020 7:00 pm
0
ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മൂന്നു പ്രതികള്‍ ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ ഏഴു വര്‍ഷത്തിനിടെ ജോലി ചെയ്ത് സമ്ബാദിച്ചത് 1.37 ലക്ഷം രൂപ . ജയില്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയ മാദ്ധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അക്ഷയ് കുമാര്‍ സിംഗ് (31), പവന്‍ ഗുപ്ത (25), മുകേഷ് സിംഗ് (32), വിനയ് ശര്‍മ (26) എന്നിവരാണ് വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്നത്. ജയിലില്‍ ജോലി ചെയ്ത് അക്ഷയ് 69,000 രൂപയും പവന്‍ 29,000 രൂപയും വിനയ് 39,000 രൂപയുമാണ് സമ്ബാദിച്ചത്. മുകേഷിനെ ജോലികള്‍ക്ക് നിയോഗിച്ചിരുന്നില്ല.
ജയില്‍ നിയമങ്ങള്‍ ലംഘിച്ചതിന് നാലുപേരും നിരവധിതവണ ശിക്ഷിക്കപ്പെട്ടിട്ടുമുണ്ട്. വിനയ് 11 തവണയും പവന്‍ എട്ടു തവണയും മുകേഷ് മൂന്നു തവണയും അക്ഷയ് ഒരു പ്രാവശ്യവും ആണ് നിയമലംഘനത്തിന് ശിക്ഷിക്കപ്പെട്ടത്. ജയിലില്‍ കഴിയുമ്ബോള്‍ പഠിക്കാനും പ്രതികള്‍ ശ്രമിച്ചിരുന്നു. 2016ല്‍ മുകേഷ്, പവന്‍, അക്ഷയ് എന്നിവര്‍ പത്താം ക്ലാസ് പരീക്ഷ എഴുതിയെങ്കിലും പരാജയപ്പെട്ടു. 2015ല്‍ വിനയ് ഡിഗ്രിക്കു ചേര്‍ന്നെങ്കിലും പൂര്‍ത്തിയാക്കിയില്ല. പ്രതികളുടെ വധശിക്ഷ ഈ മാസം 22ന് രാവിലെ 7ന് വധശിക്ഷ നടപ്പാക്കാനാണ് പട്യാല ഹൗസ് കോടതി ഉത്തരവിട്ടത്. നാലു പ്രതികളില്‍ വിനയ് ശര്‍മ്മ, മുകേഷ് സിംഗ് എന്നിവരുടെ തിരുത്തല്‍ ഹര്‍ജികള്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് കഴിഞ്ഞദിവസം തള്ളിയിരുന്നു.
നേരത്തെ റിവ്യൂ ഹര്‍ജികള്‍ തള്ളിയതിനാല്‍ പ്രതികള്‍ക്ക് സുപ്രീംകോടതിയിലെ അവസാന നിയമ നടപടിയായിരുന്നു തിരുത്തല്‍ ഹര്‍ജി. ആ സാദ്ധ്യതയും അടഞ്ഞതോടെ തൂക്കുകയറില്‍ നിന്ന് രക്ഷപ്പെടാനുള്ള അവസാന ശ്രമമെന്ന നിലയില്‍ മുകേഷ് സിംഗ് ഇന്നലെ തന്നെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ദയാഹര്‍ജി സമര്‍പ്പിച്ചു. വധശിക്ഷ റദ്ദാക്കണമെന്നാണ് ആവശ്യം. 2012 ഡിസംബര്‍ 16 ന് രാത്രിയാണ് പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനി നിര്‍ഭയയെ ഓടുന്ന ബസില്‍ ക്രൂരമായി കൂട്ടമാനഭംഗപ്പെടുത്തിയത്. സിംഗപ്പൂരിലെ ആശുപത്രിയില്‍ ഡിസംബര്‍ 29ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.