Monday, 27th January 2025
January 27, 2025

സമിനക്ക് ഇത് പുതുജന്മം; മഞ്ഞിനടിയില്‍ കഴിഞ്ഞത് പതിനെട്ടു മണിക്കൂറോളം

  • January 16, 2020 12:00 pm

  • 0

മുസഫറാബാദ്: പാക് അധീന കശ്മീരില്‍ തിങ്കളാഴ്ചയുണ്ടായ മഞ്ഞിടിച്ചിലില്‍ സമിന ബിബിക്ക് ഇത് പുതു ജന്മമാണ്. പതിനെട്ട് മണിക്കൂറോളം മഞ്ഞിനടിയില്‍ കുടുങ്ങിയ പന്ത്രണ്ടുകാരിയായ സമിനയെ ചൊവ്വാഴ്ചയാണ് ജീവനോടെ കണ്ടെത്തിയത്.സമിനയും കുടുംബവും തീ കായുന്നതിനിടയിലാണ് മഞ്ഞിടിച്ചിലുണ്ടായത്.

കണ്ടെത്തുമ്ബോള്‍ സമിനയുടെ വായില്‍ നിന്ന് രക്തം വരുന്നുണ്ടായിരുന്നു. സമിനയുടെ ഒരു കാലിന് ഒടിവുണ്ട്. മരിച്ചുവെന്നാണ് താന്‍ കരുതിയതെന്നും മഞ്ഞിനടിയില്‍ കുടുങ്ങിയ നിമിഷം സഹായത്തിനായി ഉറക്കെ നിലവിളിച്ചെങ്കിലും രക്ഷിക്കാന്‍ ആരെങ്കിലുമെത്തുമെന്ന പ്രതീക്ഷയില്‍ മഞ്ഞിനടിയില്‍ ഉറങ്ങാതെ കഴിച്ചുകൂട്ടുകയായിരുന്നുവെന്നും സമിന പറയുന്നു.

തങ്ങള്‍ തീ കായുമ്ബോഴാണ് മഞ്ഞിടിച്ചില്‍ ഉണ്ടായതെന്നും എന്നാല്‍ മഞ്ഞിന്റെ ഇരമ്ബല്‍ കേട്ടില്ലെന്നു കണ്ണടച്ചുതുറക്കുന്ന വേഗത്തില്‍ എല്ലാം സംഭവിച്ചുവെന്നുമാണ് സമിനയുടെ അമ്മ ഷഹ്നാസ് പറയുന്നത്. സമിന ഭാഗ്യമുള്ള കുട്ടിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മുസഫറാബാദിലെ ആശുപത്രിയില്‍ ചികിത്സയിലാണ് സമിന ഇപ്പോള്‍. മഞ്ഞിടിച്ചിലില്‍ പരിക്കേറ്റ നിരവധി പേര്‍ ഇതേ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. തിങ്കളാഴ്ചയാണ് കശ്മീരിലെ നീലം വാലിയില്‍ മഞ്ഞിടിച്ചില്‍ ഉണ്ടാകുന്നത്. മഞ്ഞിടിച്ചിലില്‍ മരണസംഖ്യ 100 ആയതായി പാകിസ്താന്‍ ദേശീയ ദുരന്ത നിര്‍വഹണ വിദഗ്ധര്‍ അറിയിച്ചു. മഞ്ഞിനടിയിലെ മൃതദേഹങ്ങള്‍ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. വെള്ളിയാഴ്ച കൂടുതല്‍ ശക്തമായ മഞ്ഞിടിച്ചില്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കി.