നിര്‍ഭയ കേസ്: ജനുവരി 22ന് വധശിക്ഷ നടപ്പാക്കാനാകില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍
January 15, 2020 4:00 pm
0
ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ പ്രതികള്‍ക്ക് ജനുവരി 22ന് വധശിക്ഷ നടപ്പാക്കാന്‍ കഴിയില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍. പ്രതികളിലൊരാളായ മുകേഷ് സിങ് രാഷ്ട്രപതിക്ക് ദയാഹരജി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മരണ വാറണ്ട് നടപ്പാക്കുന്നതില്‍ അവ്യക്തത വന്നത്.
രാഷ്ട്രപതി ദയാഹരജി തള്ളിയതിന് ശേഷം വധശിക്ഷ നടപ്പാക്കാന്‍ 14 ദിവസത്തെ സമയം ലഭിക്കും. അതിനാല്‍ ശിക്ഷ നടപ്പാക്കുന്നത് വൈകിയേക്കാമെന്നാണ് സൂചന.
വിചാരണ കോടതി പുറപ്പെടുവിച്ച മരണ വാറണ്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള മുകേഷ് സിങ്ങിെന്റ ഹരജിയില്‍ വാദം ഡല്‍ഹി ഹൈകോടതിയില്‍ തുടരുകയാണ്.ഓരോ പ്രതികള്‍ വെവ്വേറെ ദയാഹര്‍ജി നല്‍കുന്നത് നിരാശാജനകമാണ്. നിയമനടപടികള്‍ പരമാവധി വൈകിപ്പിക്കാനാണ് പ്രതികള്‍ ശ്രമിച്ചതെന്ന് ഡല്‍ഹി പൊലീസ് ഹൈകോടതിയില്‍ അറിയിച്ചു.
ദയാഹരജി പരിഗണിക്കുന്നതുവരെ വധശിക്ഷ നടപ്പാക്കാനാവില്ലെന്നും പുതിയ മരണ വാറണ്ട് പുറപ്പെടുവിക്കാന്‍ കീഴ്‌ക്കോടതിയെ സമീപിക്കുമെന്നും ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു.
ചൊവ്വാഴ്ചയാണ് സുപ്രീംകോടതി മുകേഷ് സിങ്, വിനയ് ശര്‍മ എന്നിവരുടെ തിരുത്തല്‍ ഹരജികള്‍ തള്ളിയത്. ഇതിന് പിന്നാലെയാണ് മുകേഷ് സിങ് ദയാഹരജി കൈമാറിയത്.ഗവര്‍ണര്‍ക്ക് ഇത് കൈമാറിയിട്ടില്ല. നേരത്തെ അക്ഷയ് സിങ് ദയാഹരജി നല്‍കിയെങ്കിലും അവസാന നിമിഷം അതുപിന്‍വലിച്ചിരുന്നു. കേസിലെ മറ്റ് രണ്ട് പ്രതികളും ദയാഹരജി നല്‍കിയേക്കുമെന്ന് സൂചനയുണ്ട്.
തിരുത്തല്‍ ഹര്രജിയും ദയാഹരജിയും നല്‍കാനുണ്ടായ കാലതാമസത്തെ ചോദ്യം ചെയ്ത കോടതി നിയമവ്യവസ്ഥയെ പ്രതികള്‍ ദുരുപയോഗം ചെയ്യുകയാണെന്ന് വിമര്‍ശിച്ചു.ദയാഹരജി രാഷ്ട്രപതി ഉടന്‍ തീര്‍പ്പാക്കിയേക്കുമെന്നാണ് സൂചന.