Monday, 27th January 2025
January 27, 2025

5000 രൂപ മാസശമ്ബളമുള്ള ജോലിയുമായി ഒരാള്‍ വന്നപ്പോള്‍ അവള്‍ കണ്ണുമടച്ച്‌ ആ ജോലി സ്വീകരിച്ചു ; ആദ്യദിവസം രാത്രി തന്നെ അയാള്‍ അവളെ ബലാത്സംഗം ചെയ്തു;കരളലിയിക്കും കദനകഥ ഇങ്ങനെ

  • January 15, 2020 9:00 pm

  • 0

ജോലി വാഗ്ദാനം ചെയ്യപ്പെട്ട് പീഡനത്തിനിരയാക്കപ്പെടുന്ന നിരവധി പെണ്‍കുട്ടികള്‍ നമ്മുടെ സമൂഹത്തിലുണ്ട്. അത്തരം ഒരു പെണ്‍കുട്ടി അനുഭവിച്ച കഥയാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

വയസ്സായ അച്ഛനും അമ്മയും പൊരിവെയിലത്ത് കൂലിവേല ചെയ്യുന്നത് വീട്ടിലെ മുതിര്‍ന്നവളായ പെണ്‍കുട്ടിയെ ഏറെ ദുഖിപ്പിച്ചിരുന്നു. അങ്ങനെയാണ് 5000 രൂപ മാസശമ്ബളമുള്ള ജോലിയുമായി ഒരാള്‍ വന്നപ്പോള്‍ അവള്‍ കണ്ണുമടച്ച്‌ ആ ജോലി സ്വീകരിച്ചത്.പറഞ്ഞതൊക്കെ വിശ്വസിച്ച്‌ അവള്‍ അയാള്‍ക്കൊപ്പം ഇറങ്ങിപ്പുറപ്പെട്ടു. നാലു മാസം മുമ്ബായിരുന്നു അത്.

എന്നാല്‍ ഡിസംബര്‍ 27ന് സ്വന്തം വീട്ടിലേക്ക് തിരികെയെത്തിയത് പോയപ്പോഴുണ്ടായിരുന്ന പെണ്‍കുട്ടിയായിരുന്നില്ല.അവളുടെ ദേഹമാകെ മുറിപ്പാടുകളായിരുന്നുഅവിടവിടെ തല്ലുകൊണ്ട് വീങ്ങിയിട്ടുണ്ടായിരുന്നു. ജോലിക്കെന്ന പേരില്‍ ഗ്രാമത്തില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയി ആ നരാധമന്‍ ആ പത്തൊന്‍പതുകാരിയെ ചതിക്കുകയായിരുന്നു. ദില്ലിയിലെ മിഷനറി സൊസൈറ്റിയില്‍ ജോലിക്കെന്നും പറഞ്ഞുകൊണ്ട് കൂട്ടിക്കൊണ്ടുപോയ അവളെ അയാള്‍ ഓള്‍ഡ് ദില്ലിയിലെ ഒരാള്‍ക്ക് വിറ്റിട്ട് കടന്നുകളഞ്ഞു.

ആ മഹാനഗരത്തില്‍ ഒരാളെപ്പോലും പരിചയമില്ലാതെ അവള്‍ കുടുങ്ങി. ഭാഷപോലും വശമില്ലാത്ത അവള്‍ എവിടെപ്പോകാനാണ്? ആരോട് സഹായം തേടാനാണ്? അയാളുടെ ഓഫീസിലായിരുന്നു പകല്‍ ജോലി. തൂത്തുതുടയ്ക്കണം, ചായയിടണം, അവിടുള്ള സകല ജോലികളും ചെയ്യണം.

ആദ്യദിവസം രാത്രി തന്നെ അയാള്‍ അവളെ ബലാത്സംഗം ചെയ്തു. പിന്നീടങ്ങോട്ട് അത് ഒരു പതിവായി മാറി. എതിര്‍ത്തപ്പോള്‍ അവളുടെ കഴുത്തില്‍ കത്തിവെച്ചുകൊണ്ട് അയാള്‍ തന്റെ ഇംഗിതം നിറവേറ്റി. അവിടുന്നങ്ങോട്ട് എല്ലാദിവസങ്ങളിലും അവള്‍ തുടര്‍ച്ചയായി ബലാത്സംഗം ചെയ്യപ്പെട്ടു.

ഒരു ദിവസം അയാള്‍ വന്നത് വേറെ നാലുപേരെയും കൂട്ടിക്കൊണ്ടായിരുന്നു.അവരും ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ ഒരു വിധം കുതറിയോടിയ അവള്‍ ജനലിലൂടെ പുറത്തേക്ക് എടുത്തുചാടി രക്ഷപ്പെട്ടു. ആ സ്ഥലത്തുനിന്ന് എത്ര അകലത്തേക്ക് ഓടി രക്ഷപ്പെടാന്‍ പറ്റുമോ അവള്‍ ഓടി. കാലുകള്‍ കുഴഞ്ഞ് റോഡരികില്‍ വീണുപോകും വരെ അവള്‍ ഓടി. ഒടുവില്‍ മറ്റൊരു അപരിചിതമായ പട്ടണത്തിലേക്ക് അവള്‍ എത്തിപ്പെട്ടു. നേരം രാത്രിയായിക്കഴിഞ്ഞിരുന്നു. അന്ന് രാത്രി ഒരു കടത്തിണ്ണയില്‍ കിടന്നുറങ്ങിയ അവള്‍ അടുത്ത ദിവസം മുതല്‍ ആ അപരിചിത നഗരത്തിന്റെ തെരുവുകളിലൂടെ ഇറങ്ങി നടക്കാന്‍ തുടങ്ങി.

റസ്റ്ററന്റുകളില്‍ ബാക്കി വന്ന ഭക്ഷണം ഇരന്നു വാങ്ങിയായിരുന്നു വിശപ്പടക്കിയത്. അപ്പോഴേക്കും ജീവിതം അവളെ ഒരു ഭ്രാന്തിയുടെ രൂപത്തില്‍ എത്തിച്ചിരുന്നു. ഒന്ന് മിണ്ടാനോ സങ്കടം പറയാനോ ആരുമില്ലാത്ത ആ മഹാനഗരത്തില്‍ നിന്ന് എങ്ങനെയും രക്ഷപ്പെട്ടാല്‍ മതി എന്നായിരുന്നു അവള്‍ക്ക്. അങ്ങനെ അവള്‍ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ യാത്രയ്ക്ക് തുടക്കമിട്ടു. അങ്ങനെ റോഡിന്റെ അരികും പിടിച്ച്‌ നടന്നുതുടങ്ങിയ അവള്‍ ഒടുവില്‍ ആ യാത്ര അവസാനിപ്പിച്ചത് 800 കിലോമീറ്റര്‍ അപ്പുറം എത്തിയശേഷമാണ്. ജീവനും നെഞ്ചോടടക്കിപിടിച്ചുകൊണ്ടുള്ള ഒരു ഓടി രക്ഷപ്പെടലായിരുന്നു അത്.

ദില്ലിയില്‍ തുടങ്ങിയ അവളുടെ യാത്ര അവസാനിച്ചത് മധ്യപ്രദേശിലെ സിദ്ധി ജില്ലയില്‍. അവിടെയെത്തിയപ്പോഴേക്കും അവള്‍ ക്ഷീണം താങ്ങാതെ കുഴഞ്ഞു വീണിരുന്നു. ദിക്കുപോലും തിരിയാത്ത ഒരു മനസികാവസ്ഥയിലായിക്കഴിഞ്ഞിരുന്നു അവള്‍ അപ്പോഴേക്കും. ആ നഗരത്തില്‍ ഇനി ഒരു നിമിഷംപോലും നില്‍ക്കാനാവില്ല എന്ന വേവുമാത്രം ഉണ്ടായിരുന്നു മനസ്സില്‍. പകല്‍ മുഴുവന്‍ നിര്‍ത്താതെ അവള്‍ നടന്നുകൊണ്ടിരുന്നു. രാത്രി കിടന്നുറങ്ങുമ്ബോള്‍ ആരും വന്നുപദ്രവിക്കാതിരിക്കാന്‍ അവള്‍ വഴിയരികിലെ ഏതെങ്കിലും മരക്കൊമ്ബില്‍ കയറിക്കൂടുമായിരുന്നുവത്രെ. കുറേകഴിഞ്ഞപ്പോള്‍ മരം കയറാനുള്ള ആരോഗ്യം ഇല്ലാതെയായി. അതോടെ പകല്‍ കിട്ടുന്ന വളരെ കുറച്ചു നേരത്തെ ഒരു കുഞ്ഞുറക്കം മാത്രമായി ആകെ വിശ്രമം.

എന്നിട്ടും അവള്‍ നടപ്പ് നിര്‍ത്തിയില്ല. അങ്ങനെ നടന്നു നടന്നാണ് ഒടുവില്‍ സിദ്ധിയില്‍ എത്തിയപ്പോള്‍ അവള്‍ ക്ഷീണം സഹിക്കവയ്യാതെ ബോധം കെട്ടുവീണത്. റോഡരികില്‍ മോഹാലസ്യപ്പെട്ടു കിടന്ന ആ പെണ്‍കുട്ടിയെ ഒടുവില്‍ ആരോ പൊലീസ് സ്റ്റേഷനിലും, അവിടന്ന് ഒന്നു സ്റ്റോപ്പ് സെന്ററിലും ചികിത്സയ്ക്കായി എത്തിക്കുകയായിരുന്നു. എന്നാല്‍, അവിടെയും കാര്യങ്ങള്‍ എളുപ്പമല്ലായിരുന്നു.

അവള്‍ ആകെ സംസാരിച്ചിരുന്നത് സാന്താളി ഭാഷ മാത്രമായിരുന്നു. അവള്‍ എത്തിപ്പെട്ടിടത്തെ പൊലീസുകാര്‍ക്കാകട്ടെ ആകെ അറിയാമായിരുന്നത് ഹിന്ദിയും. ഒടുവില്‍ സ്റ്റേഷന്‍ പരിസരത്തുതന്നെ നടത്തിയ അന്വേഷണത്തില്‍ ഹിന്ദിയും സാന്താളിയും അറിയുന്ന ഒരു ഇതരസംസ്ഥാന തൊഴിലാളിയെ എത്തിച്ചാണ് പെണ്‍കുട്ടിയുമായി സംസാരിച്ചത്. തുടര്‍ന്നാണ് പൊലീസ് സാഹിബ് ഝാര്‍ഖണ്ഡിലെ സാഹിബ്ഗഞ്ച് പൊലീസ് സ്റ്റേഷനുമായി ബന്ധപെടുന്നതും, യുവതിയെ തിരികെ നാട്ടിലെത്തിക്കാന്‍ വേണ്ടത് ചെയ്തതും.

ഝാര്‍ഖണ്ഡിന്റെ പല സ്ഥലങ്ങളിലും ഇതു തന്നെയാണ് അവസ്ഥ. ഈ പെണ്‍കുട്ടിയെ കൊണ്ടുപോയ വ്യക്തി തന്നെ ഇത്തരത്തില്‍ നിരവധി പെണ്‍കുട്ടികളുടെ ജീവിതം നശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച പുറത്തുവന്ന 2018 –ലെ NCRB ഡാറ്റ പ്രകാരം, ഝാര്‍ഖണ്ഡില്‍ കഴിഞ്ഞ വര്‍ഷം തട്ടിക്കൊണ്ടു പോകപ്പെട്ടത് 314 പ്രായപൂര്‍ത്തിയെത്താത്ത കുട്ടികളാണ്. 30,000 രൂപയ്ക്ക് ഒരു പെണ്‍കുട്ടിയെ സ്വന്തമാക്കാം എന്നതാണ് ഇപ്പോള്‍ ഝാര്‍ഖണ്ഡിലെ ദയനീയമായ അവസ്ഥ.

സംസ്ഥാനത്ത് മനുഷ്യക്കടത്തിനെതിരായ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായ ബൈദ്യനാഥ് കുമാര്‍ പറയുന്നത്, ‘സംസ്ഥാനത്ത് നല്ലൊരു ആടിനെ വിലയ്ക്കുവാങ്ങണം എന്നുണ്ടെങ്കില്‍ ചുരുങ്ങിയത് 80,000 രൂപയെങ്കിലും ചെലവിട്ടേ പറ്റൂ. എന്നാല്‍, വാങ്ങേണ്ടത് പെണ്‍കുട്ടിയെ ആണെങ്കില്‍, അതിന്റെ മൂന്നിലൊന്നു പൈസയ്ക്ക് കാര്യം നടക്കും.’ എന്നാണ്. ഇങ്ങനെയും സ്ഥലങ്ങള്‍ നമ്മുടെ രാജ്യത്ത് ഉണ്ടെന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.