‘ലക്ഷ്മി’യെ വിട്ടുകിട്ടാന്‍ ഹേബിയസ് കോര്‍പസുമായി സദ്ദാം സുപ്രിംകോടതിയില്‍; ആന ഇന്ത്യന്‍ പൗരനോ എന്ന് ചീഫ് ജസ്റ്റിസ്
January 10, 2020 8:00 pm
0
ന്യൂഡല്‍ഹി: ആനയ്ക്ക് വേണ്ടി ഹേബിയസ് കോര്‍പസ് ഹരജിയുമായി പാപ്പാന്‍ സുപ്രിംകോടതിയില്‍. ഡല്‍ഹിയിലെ അവസാനത്തെ ആനയായ ലക്ഷ്മിയെ വിട്ടുകിട്ടുന്നതിനു വേണ്ടിയാണ് പാപ്പാനായ സദ്ദാം കോടതിയെ സമീപിച്ചിരിക്കുന്നത്. അതേസമയം, ഒരു മൃഗത്തിന് വേണ്ടി സുപ്രിംകോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജി സമര്‍പ്പിച്ചതില്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് അടക്കമുള്ളവരുടെ ബെഞ്ച് ആശ്ചര്യം പ്രകടിപ്പിച്ചു. ഹരജി പരിഗണിക്കവേ ആന ഇന്ത്യന്‍ പൗരനാണോയെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ ചോദിച്ചു.
സദ്ദാമിന്റേയും ലക്ഷ്മിയുടേയും കഥ കേള്‍ക്കാം,
ഡല്‍ഹിയില്‍ യൂസഫ് അലി എന്നയാളുടെ ആനയായിരുന്നു ലക്ഷ്മി. 2008 ലാണ് ലക്ഷ്മിയുടെ പാപ്പാനായി സദ്ദാം നിയമിതനാകുന്നത്. പിന്നീട് ലക്ഷ്മിയുമായി സദ്ദാം ഏറെയടുത്തു. ഭക്ഷണവും മരുന്നുമെല്ലാം സദ്ദാം നല്‍കിയാലേ കഴിക്കൂ എന്ന അവസ്ഥ വരെയായി. ലക്ഷ്മി സദ്ദാമിന്റെ കുടുംബത്തിലെ ഒരംഗത്തേപൊലെയായി.
എന്നാല്‍ ചട്ടപ്രകാരമല്ലാതെ ആനകളെ പാര്‍പ്പിക്കുന്നത് തടയാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചതോടെ സദ്ദാമിന് ആനയെ വിട്ടുകൊടുക്കേണ്ട അവസ്ഥ വന്നു. ലക്ഷ്മി നഗറിലെ ചേരിയിലായിരുന്നു സദ്ദാമിന്റെ താമസം. കുറേ ദിവസം വനംവകുപ്പിനെ പേടിച്ച് സദ്ദാം ലക്ഷ്മിയേയും കൊണ്ട് മുങ്ങിനടന്നു. എന്നാലൊടുവില്‍ ലക്ഷ്മിയെ വനംവകുപ്പ് കസ്്റ്റഡിയിലെടുത്ത് ഹരിയാനയിലെ സംരക്ഷണകേന്ദ്രത്തിലേക്ക് അയച്ചു. സദ്ദാമിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
രണ്ട് മാസത്തെ ജയില്‍ വാസത്തിനു ശേഷം സദ്ദാം പുറത്തിറങ്ങി. എന്നാല്‍ ലക്ഷ്മിയുടെ അസാന്നിധ്യം സദ്ദാമിന് താങ്ങാനാവുന്നില്ല. അങ്ങനെയാണ് ലക്ഷ്മിയെ പരിചരിക്കാന്‍ തനിക്ക് അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ കോടതിയെ സമീപിച്ചത്.
ഇന്ത്യയില്‍ ഇതാദ്യമായാണ് ഒരാള്‍ മൃഗത്തിന് വേണ്ടി ഹേബിയസ് കോര്‍പസ് ഹരജി സമര്‍പ്പിക്കുന്നത്. ഇതിനു മുന്‍പ് ഇത്തരമൊരു സംഭവം യു.എസില്‍ ഉണ്ടായിട്ടുണ്ടെന്ന് സദ്ദാമിന്റെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു.
ലക്ഷ്മിയെ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് ഉടമ യൂസഫ് അലി നല്‍കിയ പരാതി ഡല്‍ഹി ഹൈക്കോടതിയിലുണ്ട്. അതിനാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രിംകോടതി ആവശ്യപ്പെട്ടു.