ജെ.എന്‍.യുവില്‍ എ.ബി.വി.പി ആക്രമണം; യൂണിയന് പ്രസിഡന്‍റ് ഉള്‍പ്പടെ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
January 6, 2020 9:57 am
0
ന്യൂഡല്‍ഹി: ഫീസ് വര്‍ധനക്കെതിരായ സമരം തുടരുന്ന ഡല്‍ഹി ജവഹര്‍ ലാല്‍ നെഹ്റു സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്ക് നേരെ എ.ബി.വി.പി ആക്രമണം. നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. തലയ്ക്കടിയേറ്റ് ഗുരുതര പരിക്കേറ്റ ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്‍റ് ഐഷി ഘോഷ് ഉള്‍പ്പടെയുള്ളവരെ എയിംസില്‍ പ്രവേശിപ്പിച്ചു.രണ്ട് വിദ്യാര്‍ഥികളുടെ നില അതീവ ഗുരുതരമാണ്. മിക്ക വിദ്യാര്‍ഥികള്‍ക്കും തലയ്ക്കാണ് പരിക്ക്.
മുഖംമൂടി ധരിച്ചെത്തിയവരാണ് ക്രൂര മര്‍ദനം അഴിച്ചുവിട്ടതെന്ന് ഐഷി ഘോഷ് പറഞ്ഞു. ഞായറാഴ്ച വൈകീട്ട് 6.30ഓടെ 50ഓളം പേരടങ്ങുന്ന സംഘം ക്യാമ്ബസിനകത്ത് അക്രമം നടത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
ആയുധങ്ങളുമായെത്തിയ എ.ബി.വി.പി പ്രവര്‍ത്തകര്‍ അക്രമം നടത്തുമ്ബോള്‍ സുരക്ഷാ ജീവനക്കാര്‍ നോക്കിനിന്നെന്ന് സ്റ്റുഡന്റ്സ്യൂനിയന് വൈസ് പ്രസിഡന്‍റ് സാകേത് മൂന്‍ പറഞ്ഞു. ഹോസ്റ്റലില്‍ അതിക്രമിച്ച് കയറിയ അക്രമികള്‍ വ്യാപകനാശനഷ്ടമുണ്ടാക്കി. വാഹനങ്ങള്‍ ഉള്‍പ്പടെ അടിച്ചു തകര്‍ത്തതായി വിദ്യാര്‍ഥികള്‍ പറയുന്നു.അക്രമം തടയാനെത്തിയ അധ്യാപകര്‍ക്കും മര്‍ദനമേറ്റു.
അക്രമികള്‍ പിന്നീട് ജെ.എന്‍.യു പ്രധാന ഗേറ്റില്‍ നിലയുറപ്പിച്ചു. ഇതോടെ ആംബുലന്‍സുകള്‍ക്ക് പോലും അകത്തേക്ക് പ്രവേശിക്കാന്‍ കഴിയാതായി. പിന്നീട്, കൂടുതല്‍ പൊലീസ് എത്തിയതോടെയാണ് വിദ്യാര്‍ഥികളെ ആശുപത്രിയിലെത്തിക്കാന്‍ കഴിഞ്ഞത്.
ജെ.എന്‍.യു കാമ്ബസിലെ ആക്രമ വാര്‍ത്തയറിഞ്ഞ് താന്‍ ഞെട്ടിയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പറഞ്ഞു. കാമ്ബസിനകത്ത് പോലും വിദ്യാര്‍ഥികള്‍ക്ക് സുരക്ഷയില്ലെങ്കില്‍ ഈരാജ്യം എങ്ങനെ പുരോഗതി പ്രാപിക്കുമെന്നും അദ്ദേഹം ചോദിച്ചു. വിദ്യാര്‍ഥികള്‍ അതിക്രൂരമായാണ് ആക്രമിക്കപ്പെട്ടത്.പൊലീസ് അക്രമം തടഞ്ഞ് കാമ്ബസില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജെ.എന്‍.യുവിലേത് ആസൂത്രിത അക്രമമാണെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞു.നാസി ജര്‍മ്മനിയില്‍ ഫാഷിസ്റ്റ് സംഘങ്ങള്‍ നേരിട്ട് ജനങ്ങളെ ആക്രമിച്ച രീതിയില്‍ ഇന്ത്യയിലും ആക്രമണങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. ഈ ഫാഷിസ്റ്റ് അക്രമത്തെ ചെറുത്തു തോല്പിക്കാന്‍ ഇന്ത്യയിലെ എല്ലാ ജനാധിപത്യ വാദികളും ഒരുമിച്ചു നില്ക്കേണ്ടിയിരിക്കുന്നുവെന്നും ബേബി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ജെ.എന്‍.യുവില്‍ നടക്കുന്നത് വിശ്വസിക്കാനാവാത്തതെന്ന് ശശി തരൂര്‍ എം.പി പറഞ്ഞു. ജനാധിപത്യത്തെ കശാപ്പുചെയ്യുകയാണെന്നും തരൂര്‍ പ്രതികരിച്ചു.