പ്രണയത്തില്‍ നിന്നും പിന്മാറിയ കാമുകിയുടെ പേരില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി യുവതിയുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; കാമുകന്‍ അറസ്റ്റില്‍
January 4, 2020 9:00 pm
0
മുംബൈ: പ്രണയത്തില്‍ നിന്നും പിന്മാറിയതിന്റെ പ്രതികാരം തീര്‍ക്കാന്‍ യുവതിയുടെ പേരില്‍ വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് അശ്ലീല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത കാമുകന്‍ അറസ്റ്റില്‍. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയ ശേഷം യുവതിയുടെ അശ്ലീല ചിത്രങ്ങള്‍ യുവാവ് പോസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുംബൈ സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്.
നഗരത്തിലെ പ്രധാന ‘വേശ്യ‘ എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ സെല്‍ഫ് ഡിസ്‌ക്രിപ്ഷനായി യുവാവ് നല്‍കിയിരുന്നത്. ഇത് വൈറലായി. യുവതിയുടെ ഒരു സുഹൃത്താണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. തുടര്‍ന്ന് യുവാവിനോട് ചോദിച്ചപ്പോള്‍ താന്‍ തന്നെയാണ് വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയതെന്ന് ഇയാള്‍ പറഞ്ഞു. മാത്രമല്ല ബന്ധം തുടരാന്‍ തയ്യാറായില്ലെങ്കില്‍ യുവതിയുടെ മാതാപിതാക്കളെയും സഹോദരിയെയും ഉപദ്രവിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി.
സ്വകാര്യ സ്‌കൂളില്‍ കെയര്‍ടേക്കറായി ജോലി നോക്കി വരികയായിരുന്നു യുവതി. 2017 ലാണ് ഇരുവരും പ്രണയത്തിലായത്. പിറ്റേ വര്‍ഷം വിവാഹം കഴിക്കാമെന്ന് തീരുമാനിച്ചിരുന്നുവെങ്കിലും യുവാവിന്റെ പെരുമാറ്റത്തില്‍ പന്തികേട് തോന്നിയതിനാല്‍ യുവതി വിവാഹത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. ഇതോടെയാണ് ഇയാള്‍ പ്രതികാര നടപടികള്‍ തുടങ്ങിയത്.