പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനങ്ങള്‍ക്ക് ഒന്നിച്ചു നീങ്ങാം: മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്യത്തെ 11 മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചു
January 3, 2020 5:45 pm
0
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനങ്ങള്‍ ഒന്നിച്ചു നീങ്ങുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്യത്തെ 11 മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചു.
പൗരത്വഭേദഗതി നിയമം രാജ്യത്ത് വലിയ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണെന്നും ജനാധിപത്യവും മതേതരത്വവും രാജ്യത്ത് നിലനിന്നു കാണണം എന്നാഗ്രഹിക്കുന്നവരെല്ലാം അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവച്ച് യോജിച്ച് പ്രവര്‍ത്തിക്കാനും രാജ്യത്തിന്‍റെ ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാനും തയ്യാറാവണമെന്നും കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെടുന്നു.
ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍, പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമി, മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്, പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് എന്നിവര്‍ക്കാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചത്.
കേരള മുഖ്യമന്ത്രി അയച്ച കത്തിലെ പ്രസക്തഭാഗങ്ങള്‍
ദേശീയ പൗരത്വ രജിസ്റ്ററിനെ(എന്‍ സി ആര്‍)ക്കുറിച്ച് രാജ്യത്ത് എല്ലായിടത്തും കടുത്ത ആശങ്കയാണ് ഉയര്‍ന്നിട്ടുള്ളത്. ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ (എന്‍ പി ആര്‍) പ്രവര്‍ത്തനങ്ങള്‍ ദേശീയ പൗരത്വ രജിസ്റ്ററിലേക്ക് നയിക്കുമെന്നതും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇത് കണക്കിലെടുത്ത് ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ (എന്‍ പി ആര്‍) പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.
ജനാധിപത്യവും മതേതരത്വവും കാംക്ഷിക്കുന്ന എല്ലാ ഇന്ത്യക്കാരുടെയും യോജിപ്പാണ് ഈ കാലഘട്ടത്തിന്റെ ആവശ്യകത. എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവെച്ച് സമൂഹത്തിന്റെ നാനാ തുറകളിലുള്ളവര്‍ ഒത്തൊരുമിച്ച് ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ തയാറാകണം.
ചരിത്രപരമായി നിരവധി വെല്ലുവിളികളെ അതിജീവിച്ചതാണ് നാനാത്വത്തില്‍ ഏകത്വമെന്ന നമ്മുടെ രാജ്യത്തിന്റെ സവിശേഷ മൂല്യം. ഇന്നത്തെ ഈ പ്രതിസന്ധി മറികടന്ന് അത് കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുക തന്നെ ചെയ്യും.
പൗരത്വ ഭേദഗതി നിയമം നമ്മുടെ രാജ്യത്തിന്റെ മതേതര മൂല്യങ്ങളെ ബാധിക്കുന്നതിലെ ആശങ്ക വ്യക്തമാകുന്ന പ്രമേയം കേരള നിയമസഭ ഡിസംബര്‍ 31 ന് പാസാക്കിയിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആ പ്രമേയം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നുണ്ട്.
പൗരത്വ ഭേദഗതി നിയമം റദ്ദാക്കണം എന്ന അഭിപ്രായമുള്ള സംസ്ഥാനങ്ങള്‍ സമാനമായ നടപടികളിലേക്കു നീങ്ങുന്നത് പരിഗണിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. അങ്ങനെയുള്ള നീക്കം പൗരത്വ ഭേദഗതി നിയമത്തിന്റെയും ദേശീയ പൗരത്വ രജിസ്റ്ററിന്റെയും വക്താക്കളുടെ കണ്ണ് തുറപ്പിക്കും എന്ന് നമ്മുക്ക് പ്രത്യാശിക്കാം.