Thursday, 23rd January 2025
January 23, 2025

ദിലീപിന്റെ വിടുതല്‍ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി ; വിധി ശനിയാഴ്ച

  • January 1, 2020 5:02 pm

  • 0

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ വിടുതല്‍ ഹര്‍ജിയില്‍ കോടതിയില്‍ വാദം പൂര്‍ത്തിയായി. ഹര്‍ജിയില്‍ കൊച്ചിയിലെ വിചാരണ കോടതി ജനുവരി നാലിന് വിധി പറയും. അടച്ചിട്ട കോടതിയിലാണ് കേസില്‍ വാദം നടന്നത്.

പ്രതിയായി തന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ തെളിവില്ലെന്നാണ് ദിലീപിന്റെ വാദം. അതിനാല്‍ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. കൃത്യത്തില്‍ ദിലീപിന് പങ്കില്ലെന്നും ഹര്‍ജിയില്‍ ദിലീപിന്റെ അഭിഭാഷകന്‍ വാദിക്കുന്നു.

അതേസമയം ദിലീപിന്റെ വിടുതല്‍ ഹര്‍ജിയെ പ്രോസിക്യൂഷന്‍ ശക്തിയുക്തം എതിര്‍ത്തുദിലീപിനെതിരെ വിചാരണ നടത്താന്‍ മതിയായ തെളിവുകളുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ദിലീപിനെ കുറ്റവിമുക്തനാക്കരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

നടിയെ ആക്രമിച്ചകേസിലെ ഗൂഢാലോചനയില്‍ എട്ടാം പ്രതിയാണ് നടന്‍ ദിലീപ്. നടിയെ ആക്രമിച്ച്‌ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവവുമായി ബന്ധപ്പെട്ടും, നടിയുടെ സ്വകാര്യതയെ ബാധിക്കുന്ന വിഷയങ്ങളും ഹര്‍ജിയില്‍ പ്രതിപാദിക്കുന്നതിനാല്‍ ഹര്‍ജിയുടെ വിശദാംശങ്ങള്‍ പരസ്യപ്പെടുത്തരുതെന്ന് കോടതി വിലക്കിയിട്ടുണ്ട്. ഇക്കാരണങ്ങളാല്‍ വാദം കേള്‍ക്കല്‍ അടച്ചിട്ട കോടതിയിലേക്ക് മാറ്റുകയും ചെയ്തു.

കേസിലെ നടപടികള്‍ നീട്ടിക്കൊണ്ടുപോകുന്നതിനായി ദിലീപ് നേരത്തെയും പല ആവശ്യങ്ങള്‍ ഉന്നയിച്ച്‌ നിരവധി ഹര്‍ജികള്‍ നല്‍കിയിരുന്നു. എന്നാല്‍ കേസിലെ വിചാരണ ആറുമാസത്തിനകം തീര്‍ക്കണമെന്ന് സുപ്രീംകോടതി വിചാരണക്കോടതിക്ക് കര്‍ശന നിര്‍ദേശം നല്‍കുകയായിരുന്നു.