Sunday, 26th January 2025
January 26, 2025

ചന്ദ്രയാന്‍-3 ദൗത്യത്തിന് കേന്ദ്രാനുമതി ; ഗഗന്‍യാനും ഈ വര്‍ഷം തന്നെയെന്ന് ഐ.എസ്‌.ആര്‍.ഒ ചെയര്‍മാന്‍

  • January 1, 2020 2:00 pm

  • 0

ബംഗലൂരു : ചന്ദ്രയാന്‍-3 ദൗത്യത്തിന് കേന്ദ്രത്തിന്റെ അംഗീകാരം. പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചതായി ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ അറിയിച്ചു. ഗഗന്‍യാനും ഈ വര്‍ഷം ഉണ്ടാകും. നാല് ബഹിരാകാശ യാത്രികര്‍ക്ക് ഈ മാസം തന്നെ പരിശീലനം തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

ചന്ദ്രയാന്‍-2 വിന്റെ അതേ മാതൃകയില്‍ തന്നെയാണ് ചന്ദ്രയാന്‍-3യും. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. സേഫ് ലാന്‍ഡിംഗിനിടെ വേഗം ക്രമീകരിക്കാന്‍ കഴിയാതെ പോയതാണ് ചന്ദ്രയാന്‍-2 ദൗത്യം പരാജയപ്പെടാന്‍ കാരണമായതെന്നും ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ പറഞ്ഞു.

ഐഎസ്‌ആര്‍ഒയെ സംബന്ധിച്ചിടത്തോളം 2020 സംഭവബഹുലമായ വര്‍ഷമായിരിക്കും. ചന്ദ്രയാന്‍-3യ്ക്ക് പുറമെ ഗഗന്‍യാനും ആ വര്‍ഷം തന്നെയുണ്ടാകുംഗഗന്‍യാന്‍ പദ്ധതിയില്‍ കഴിഞ്ഞവര്‍ഷം ഏറെ മുന്നോട്ടുപോകാനായിരുന്നുവെന്നും കെ ശിവന്‍ പറഞ്ഞു.

ഗഗന്‍യാന്‍ ദൗത്യത്തിനായി നാലു ബഹിരാകാശ സഞ്ചാരികളെ തെരഞ്ഞെടുത്തിട്ടുണ്ട്. വ്യോമസേനയില്‍ നിന്നുള്ള നാലുപേരെയാണ് തെരഞ്ഞെടുത്തത്. ഈ മാസം തന്നെ ഇവര്‍ക്ക് റഷ്യയില്‍ പരിശീലനം നല്‍കും. ബഹിരാകാശത്ത് ആദ്യമായി ആളെ എത്തിക്കാനുള്ള ദൗത്യമാണ് ഗഗന്‍യാന്‍. ബഹിരാകാശത്ത് ആളെ എത്തിക്കുകയും സുരക്ഷിതമായി തിരികെ എത്തിക്കുകയുമാണ് പദ്ധതിയിടുന്നത്.

ഐഎസ്‌ആര്‍ഒയുടെ വികസനമാണ് മറ്റൊരു പദ്ധതി. ദൗത്യങ്ങള്‍ക്കായി ഐഎസ്‌ആര്‍ഒയുടെ ശേഷി വികസിപ്പിക്കേണ്ടതുണ്ട്. ഇതിനായി തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ രണ്ടാമത്തെ സ്‌പേസ് പോര്‍ട്ടിനായി സ്ഥലം അക്വയര്‍ ചെയ്തതായും ചെയര്‍മാന്‍ കെ ശിവന്‍ അറിയിച്ചു.