Sunday, 26th January 2025
January 26, 2025

ട്രെയിന്‍ യാത്രക്കൂലി കൂട്ടി , സീസണ്‍ ടിക്കറ്റ്‌ നിരക്കില്‍ മാറ്റമില്ല

  • January 1, 2020 11:54 am

  • 0

ന്യൂഡല്‍ഹി: ടിക്കറ്റ്‌ നിരക്കുകളില്‍ വര്‍ധന പ്രഖ്യാപിച്ച്‌ ഇന്ത്യന്‍ റെയില്‍വേ. വര്‍ധന ഇന്നു പുലര്‍ച്ചെ നിലവില്‍ വന്നു. റെയില്‍വേയുടെ നവീകരണത്തിനാണ്‌ നിരക്ക്‌ വര്‍ധനയെന്നാണ്‌ വിശദീകരണം.

കിലോമീറ്ററിന്‌ ഒരു പൈസ മുതല്‍ നാലു പൈസ വരെയാണു കൂട്ടിയത്‌. സബര്‍ബന്‍ ട്രെയിന്‍ നിരക്കുകളിലും സീസണ്‍ ടിക്കറ്റ്‌ നിരക്കിലും മാറ്റമില്ല. റിസര്‍വേഷന്‍ ഫീ, സൂപ്പര്‍ ഫാസ്‌റ്റ്‌ ചാര്‍ജ്‌ എന്നിവയിലും മാറ്റമില്ല. നേരത്തെതന്നെ ബുക്ക്‌ചെയ്‌ത ടിക്കറ്റുകള്‍ക്കും നിരക്കു വര്‍ധന ബാധകമാകില്ല.

ഓര്‍ഡിനറി നോണ്‍ എ.സി, നോണ്‍ സബര്‍ബന്‍ ട്രെയിനുകളില്‍ ടിക്കറ്റ്‌ നിരക്കില്‍ കിലോമീറ്ററിന്‌ ഒരു പൈസ കൂടും. മെയില്‍/എക്‌സ്‌പ്രസ്‌ ട്രെയിനുകളിലെ നോണ്‍ എ.സികോച്ചുകളില്‍ സഞ്ചരിക്കാന്‍ കിലോ മീറ്ററിന്‌ രണ്ടു പൈസ വീതം കൂടുതല്‍ നല്‍കണം. ഈ വിഭാഗത്തില്‍ എ.സി. കോച്ചുകളിലെ യാത്രയ്‌ക്കു കിലോമീറ്ററിനു നാലു പൈസ കൂടുതല്‍ നല്‍കണം. യാത്രക്കാരില്‍ 66 ശതമാനവും സീസണ്‍ ടിക്കറ്റ്‌/സബര്‍ബന്‍ ട്രെയിന്‍ യാത്രക്കാരാണെന്നാണു റെയില്‍വേയുടെ വിശദീകരണം. ഈ വിഭാഗത്തിനു ടിക്കറ്റ്‌ നിരക്ക്‌ വര്‍ധന ബാധകമാകില്ല.

പ്രീമിയം ട്രെയിനുകളായ ശതാബ്‌ദി, രാജധാനി, തുരന്തോ എന്നിവയുടെ നിരക്കുകളും വര്‍ധിക്കും. 1147 കിലോമീറ്ററുള്ള ഡല്‍ഹികൊല്‍ക്കത്ത റൂട്ടില്‍ രാജധാനി എക്‌സ്‌പ്രസില്‍ സഞ്ചരിക്കുന്നയാള്‍ക്കു കിലോമീറ്ററിന്‌ നാല്‌ പൈസ നിരക്കില്‍ വര്‍ധന വരുമ്ബോള്‍ 58 രൂപ അധികം നല്‍കേണ്ടിവരും.