വാങ്ങാനാളില്ല… എയര്‍ ഇന്ത്യ അടച്ചു പൂട്ടല്‍ ഭീഷണിയില്‍
December 31, 2019 12:00 pm
0
ന്യൂഡല്‍ഹി: കടത്തില്‍ മുങ്ങിയ, രാജ്യത്തെ പൊതുമേഖലാ വിമാന കമ്ബനിയായ എയര്‍ ഇന്ത്യ അടുത്ത ജൂണ്‍ മാസത്തോടെ അടച്ച് പൂട്ടേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. വാങ്ങാന്‍ സ്വകാര്യ കമ്ബനികളൊന്നും രംഗത്തുവരാത്ത സാഹചര്യത്തിലാണ് എയര്‍ ഇന്ത്യ അടച്ച് പൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്.
‘എയര്‍ ഇന്ത്യക്ക് നിലവില്‍ ഏകദേശം 60,000 കോടി രൂപയുടെ കടബാധ്യതയുണ്ട്, ഓഹരി വിറ്റഴിക്കലിനുള്ള നടപടികള്‍ സര്‍ക്കാര്‍ എടുത്തിട്ടുണ്ടെങ്കിലും തണുത്ത പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വാങ്ങാന്‍ ആളില്ലെങ്കില്‍ അടുത്ത വര്‍ഷം ജൂണോട് കൂടി ജെറ്റ് എയര്‍വെയ്‌സിന് സംഭവിച്ചത് പോലെ എയര്‍ ഇന്ത്യക്കും അടച്ചു പൂട്ടലിലേക്ക് കടക്കേണ്ടി വരും‘ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
താത്കാലിക നടപടികള്‍ക്കൊണ്ട് കൂടുതല്‍ കാലം നീട്ടിക്കൊണ്ട് പോകാന്‍ സാധിക്കില്ലെന്ന് ഒരു മുതിര്‍ന്ന എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന്‍ അറിയിച്ചു.
സ്വകാര്യവത്കരിക്കാന്‍ തീരുമാനിച്ച കമ്ബനികളില്‍ എയര്‍ഇന്ത്യയും ഉള്‍പ്പെടും. സ്വകാര്യവത്കരണം വിജയകരമായി നടന്നില്ലെങ്കില്‍ വരുന്ന ജൂണ്‍ മാസത്തിനകം തന്നെ കമ്ബനി അടച്ചുപൂട്ടുമെന്നാണ് റിപ്പോര്‍ട്ട്.
എയര്‍ ഇന്ത്യ ഓഹരികള്‍ വിറ്റഴിച്ച് പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍, സര്‍ക്കാര്‍ പ്രതീക്ഷിച്ച പോലെയുള്ള ആകര്‍ഷണം നഷ്ടത്തിലേക്ക് കൂപ്പ് കുത്തിയ കമ്ബനിയോട് വിപണിക്ക് ഉണ്ടായില്ല. വിറ്റഴിക്കലിന്‍റെ ഭാഗമായി ലണ്ടനിലും സിംഗപ്പൂരിലും നടത്തിയ റോഡ് ഷോകളോടുള്ള പ്രതികരണം തീര്‍ത്തും നിരാശാജനകമയിരുന്നു.
2011-12 സാമ്ബത്തിക വര്‍ഷം മുതല്‍ ഈ വര്‍ഷം ഡിസംബര്‍ വരെ എയര്‍ഇന്ത്യയില്‍ 30,520.21 കോടി രൂപയുടെ ഫണ്ട് നിക്ഷേപിച്ചതായി സര്‍ക്കാര്‍ പറയുന്നു. 2012-ല്‍ യുപിഎ സര്‍ക്കാര്‍ 10 വര്‍ഷത്തെ കാലയളവില്‍ 30,000 കോടി രൂപയുടെ ധനസഹായം എയര്‍ഇന്ത്യക്ക് ലഭ്യമാക്കിയിരുന്നു.
2018-19 ല്‍ 8,556.35 കോടി രൂപയാണ് എയര്‍ഇന്ത്യയുടെ നഷ്ടമായി കണക്കാക്കപ്പെടുന്നത്. ഇത് കൂടാതെയാണ് 60,000കോടി രൂപയുടെ കടബാധ്യത.
നഷ്ടത്തിലായ രാജ്യാന്തര വിമാന കമ്ബനികള്‍ക്കായി സ്വകാര്യ കമ്ബനികള്‍ക്ക് ലേലം വിളിക്കാനുള്ള അപേക്ഷകള്‍ പൂര്‍ത്തിയാക്കുന്നതിന്‍റെ അവസാനഘട്ടത്തിലാണ് ഇപ്പോള്‍ നടപടികളുള്ളത്. എന്നാല്‍ ഇതുവരെ ആരും തന്നെ ഭീമനഷ്ടത്തിലുള്ള ഈ കമ്ബനി വാങ്ങാന്‍ തയ്യാറായി എത്തിയിട്ടില്ല. കഴിഞ്ഞ വര്‍ഷം എയര്‍ ഇന്ത്യയുടെ 76% ഓഹരി വില്‍പ്പനക്ക് തീരുമാനിച്ചിരുന്നെങ്കിലും സമാനസ്ഥിതിയായിരുന്നു.