Saturday, 25th January 2025
January 25, 2025

പുതുവത്സരത്തില്‍ ഇരുട്ടടിയുമായി എയര്‍ടെല്‍; പ്രതിമാസ റീചാര്‍ജ് തുക ഇരട്ടിയാക്കി

  • December 30, 2019 3:01 pm

  • 0

പുതുവത്സരത്തില്‍ ഇരുട്ടടിയുമായി എയര്‍ടെല്‍. പ്രതിമാസ മിനിമം റീചാര്‍ജ് തുക ഭാരതി എയര്‍ടെല്‍ ഇരട്ടിയാക്കി. മറ്റ് നിരക്കുകളും ഇതിനൊപ്പം കൂട്ടുമെന്ന സൂചന നല്‍കിയാണ് എയര്‍ടെല്ലിന്റെ നടപടി. ഉപഭോക്താക്കളില്‍നിന്ന് കൂടുതല്‍ തുക ഈടാക്കി കമ്ബനിയുടെ ഈ സാമ്ബത്തിക വര്‍ഷത്തെ വരുമാനം കൂട്ടാനാണ് തീരുമാനം. ഡിസംബര്‍ 29 മുതല്‍ പുതിയ ബേസ് പ്ലാന്‍ നിലവില്‍ വന്നതായി കമ്ബനി അറിയിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം കമ്ബനിയാണ് എയര്‍ടെല്‍.

എയര്‍ടെല്‍ ഉപഭോക്താക്കള്‍ മിനിമം റീചാര്‍ജ് തുക ഇനി മുതല്‍ 45 രൂപ നല്‍കണം. 28 ദിവസത്തെ വാലിഡിറ്റി ലഭിക്കുന്നതാണ് ഈ പ്ലാന്‍. 23-22 രൂപയുടെ പ്ലാന്‍ ആണ് 45 ആക്കി ഉയര്‍ത്തിയത്.

നിലവിലുള്ള പ്ലാന്‍ തീരുന്നതിനിടയില്‍ 45 രൂപയുടെ റീചാര്‍ജ് ചെയ്തില്ലെങ്കില്‍ 15 ദിവസം കമ്ബനി ഗ്രേസ് പിരീഡ് അനുവദിക്കും. ഗ്രേസ് പിരീഡില്‍ ഏത് പ്ലാന്‍ ആണ് അനുവദിക്കേണ്ടതെന്ന് കമ്ബനിയാണ് തീരുമാനിക്കുക. 15 ദിവസത്തെ ഗ്രേസ് പിരീഡിലും റീ ചാര്‍ജ് ചെയ്തില്ലെങ്കില്‍ എല്ലാ സര്‍വീസുകളും കട്ട് ചെയ്യും.

എയര്‍ടെല്ലിനെ പിന്തുടര്‍ന്ന് വൊഡാഫോണ്‍ ഐഡിയയും നിരക്ക് കൂട്ടാനാണ് സാധ്യത. 23 രൂപയുടെ മിനിമം റീചാര്‍ജ് പ്ലാന്‍ തന്നെയാണ് വൊഡാഫോണ്‍ ഐഡിയയ്ക്കുമുള്ളത്. ജിയോയുടെ മിനിമം റീചാര്‍ജ് പ്ലാന്‍ ഇപ്പോള്‍ 98 രൂപയാണ്. സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ക്കാണ് ഇത്. ജിയോ ഫോണ്‍ ഉപയോക്താക്കള്‍ക്ക് 75 രൂപയാണ് മിനിമം റീചാര്‍ജ് നിരക്ക്.

മിനിമം തുക റീ ചാര്‍ജ് ചെയ്ത് അക്കൗണ്ട് നിലനിര്‍ത്തുന്ന ഉപയോക്താക്കളില്‍നിന്ന് കൂടുതല്‍ വരുമാനം ലഭിക്കാത്ത സാഹചര്യത്തിലാണ് എയര്‍ടെല്‍ നിരക്ക് ഇരട്ടിയാക്കുന്നത്.