പൗരത്വ ഭേദഗതി നിയമം: ദേശീയ ചരിത്ര കോണ്‍ഗ്രസില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം
December 28, 2019 12:55 pm
0
കണ്ണൂര്‍: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത്കോണ്‍ഗ്രസ്–കെഎസ്യു പ്രവര്‍ത്തകര്‍. ദേശീയ ചരിത്ര കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ കണ്ണൂരിലെത്തിയതായിരുന്നു ഗവര്‍ണര്‍.
പൗരത്വഭേഭഗതി നിയമത്തെ ഗവര്‍ണര്‍ പരസ്യമായി അനുകൂലിച്ച് പ്രസ്താവന നടത്തിയതിനെത്തുടര്‍ന്നാണ് പ്രതിഷേധക്കാര്‍ കരിങ്കൊടി കാണിച്ചത്. പരിപാടിയില്‍ പങ്കെടുക്കാന്‍ ഗവര്‍ണര്‍ കണ്ണൂര്‍ സര്‍വകലാശാലയിലേക്ക് വരും വഴിയായിരുന്നു സംഭവം. പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടനത്തില്‍ നിന്നും ഗവര്‍ണറെ മാറ്റി നിര്‍ത്തണമെന്ന് നേരത്തെ വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചട്ടപ്രകാരമേ പരിപാടി നടത്തൂ എന്ന് സംഘാടകര്‍ അറിയിച്ചു. തുടര്‍ന്ന് ഗവര്‍ണര്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് വിവിധ സംഘടന നേതാക്കള്‍ വ്യക്തമാക്കി. അതേസമയം ഗവര്‍ണര്‍ പങ്കെടുക്കുന്നതില്‍ പ്രതിഷേധിച്ച് കെ സുധാകരന്‍ എംപിയും കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറും ചരിത്ര കോണ്‍ഗ്രസില്‍ നിന്ന് വിട്ട് നില്‍ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.