രാഹുല്‍ ഗാന്ധി ഈ വര്‍ഷത്തെ ഏറ്റവും വലിയ നുണയനെന്ന് കേന്ദ്രമന്ത്രി
December 28, 2019 9:50 am
0
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരെ കടുത്ത വിമര്‍ശനവുമായി കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍. ദേശീയ ജനസംഖ്യാ പട്ടികയെ (എന്‍.പി.ആര്‍.) നോട്ട് അസാധുവാക്കലിനോട് ഉപമിച്ച രാഹുല്‍ ഗാന്ധി ഈ വര്‍ഷത്തെ ഏറ്റവും വലിയ നുണയനാണെന്ന് അദ്ദേഹം പറഞ്ഞു. എന്‍.പി.ആറിന് പണമിടപാടുമായി ബന്ധമില്ലെന്നും നികുതി ചുമത്തുന്നത് കോണ്‍ഗ്രസ് സംസ്‌കാരമാണെന്നും അദ്ദേഹം പറഞ്ഞു.
എന്‍.പി.ആറും ദേശീയ പൗരത്വ പട്ടികയും പാവപ്പെട്ടവരെ കഷ്ടത്തിലാക്കുന്ന നടപടികളാണെന്നും നോട്ട് അസാധുവാക്കിയപ്പോള്‍ സംഭവിച്ചത് പോലുള്ള ദുരിതം അവര്‍ അനുഭവിക്കുമെന്നുമാണ് രാഹുല്‍ പറഞ്ഞത്. നികുതിയെന്നതിനൊപ്പം ക്ലേശമെന്നും ദുരിതമെന്നുമൊക്കെ അര്‍ഥം വരുന്ന ‘ടാക്‌സ്‘ എന്ന വാക്കാണ് രാഹുല്‍ ഉപയോഗിച്ചത്. ഇതിനെ നികുതിയെന്ന് വ്യാഖ്യാനിച്ചായിരുന്നു ബി.ജെ.പിയുടെ പ്രതികരണം.
എന്‍.പി.ആറിന് പണമിടപാടുമായി ബന്ധമില്ല. സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കളെ തിരിച്ചറിയാന്‍ അതിലെ വിവരങ്ങള്‍ ഉപയോഗിക്കുമെന്നും 2010ലും അത് ചെയ്തിരുന്നുവെന്നും ജാവഡേക്കര്‍ പറഞ്ഞു.
കോണ്‍ഗ്രസ് ഭരിക്കുന്ന കാലത്ത് ജയന്തി ടാക്‌സ്, 2ജി ടാക്‌സ്, ജീജാജി (അളിയന്‍) ടാക്‌സ് എന്നിവയെല്ലാമുണ്ടായിരുന്നെന്നും ജാവഡേക്കര്‍ പരിഹസിച്ചു. ജയന്തി നടരാജന്‍ പരിസ്ഥിതി മന്ത്രിയായിരിക്കെ പാരിസ്ഥിതിക പദ്ധതികള്‍ക്ക് അനുമതി നല്‍കാന്‍ തടസ്സങ്ങളുണ്ടാക്കുമായിരുന്നുവെന്ന ആരോപണമാണ് ജയന്തി ടാക്‌സ് എന്നറിയപ്പെട്ടത്. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് നടന്ന 2ജി അഴിമതിയും പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളുമാണ് യഥാക്രമം 2ജി, ജീജാജി ടാക്‌സ് എന്ന് ജാവഡേക്കര്‍ ഉദ്ദേശിച്ചത്.
കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന കാലത്ത് രാഹുല്‍ ഗാന്ധിക്ക് എന്തു നുണയും പറയാമായിരുന്നുവെന്നും ഇപ്പോള്‍ അധ്യക്ഷനല്ലാതായിട്ടും നുണ പറച്ചില്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷത്തെ ഏറ്റവും വലിയ നുണയനെ തെരഞ്ഞെടുക്കുന്നുണ്ടെങ്കില്‍ അത് രാഹുലിന് ലഭിക്കുമെന്നും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും രാജ്യത്തിനുമെല്ലാം അപമാനമുണ്ടാക്കുന്ന നുണകളാണ് രാഹുല്‍ പറയുന്നതെന്നും മന്ത്രി ആരോപിച്ചു.