ഡല്‍ഹിയില്‍ മൂന്നിടത്ത് നിരോധനാജ്ഞ; യുപിയില്‍ ഇന്റര്‍നെറ്റ് നിയന്ത്രണം
December 27, 2019 10:55 am
0
ന്യൂഡല്‍ഹി: പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ ശക്തമായതോടെ ഡല്‍ഹിയില്‍ മൂന്നിടത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സീലംപുര്‍, ജാഫ്രബാദ്, യുപി ഭവന് എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ. ജാമിയ മിലിയ വിദ്യാര്‍ഥികളുടെ ഉപരോധസമരം കണക്കിലെടുത്താണ് നടപടി. സംയമനം പാലിക്കണമെന്ന് പോലീസ് അഭ്യര്‍ഥിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച പ്രാര്‍ഥനയുടെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശില്‍ 14 ജില്ലകളില്‍ ഇന്റര്‍നെറ്റിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബുലന്ദ്ഷഹര്‍, ആഗ്ര, സിതാപുര്‍, മീററ്റ് തുടങ്ങിയ തുടങ്ങിയ ഇടങ്ങളില്‍ ഒരു ദിവസത്തേക്ക് ഇന്റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങള്‍ നിര്‍ത്തിവച്ചു. സാമൂഹ്യമാധ്യമങ്ങളും നിരീക്ഷിച്ച് വരികയാണ് എഡിജി പി.വി.രാമശാസ്ത്രി പറഞ്ഞു. സംഘര്‍ഷമേഖലകളില്‍ പോലീസ് ഡ്രോണ്‍ നിരീക്ഷണം നടത്തും.
അതേസമയം, പ്രതിഷേധങ്ങള്‍ക്കിടെ പൊതുമുതല്‍ നശിപ്പിച്ചതിന് കൂടുതല്‍ പേര്‍ക്കെതിരെ നടപടി തുടരുകയാണ്. ഉത്തര്‍പ്രദേശില്‍ 498 പേര്‍ക്ക് നോട്ടീസ് നല്കി. പ്രക്ഷോഭത്തില്‍ യുപിയില്‍ 20 പേരാണ് കൊല്ലപ്പെട്ടത്. 327 എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തു. 1,113 പേരെ അറസ്റ്റു ചെയ്തു. പ്രകോപനപരമായ പോസ്റ്റുകളുടെ പേരില്‍ നിരവധി സമൂഹ്യമാധ്യമ അക്കൗണ്ടുകളും പോലീസ് നീക്കം ചെയ്തു.