മംഗളൂരു പോലീസില്‍ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നല്‍കുമെന്ന് മമത ബാനര്‍ജി
December 26, 2019 5:00 pm
0
കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതിക്ക് എതിരായി മംഗളൂരുവില്‍ ജനങ്ങള്‍ പ്രക്ഷോഭം നയിക്കുന്നതിനിടെ പോലീസ് നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ടവര്‍ക്ക് ബംഗാള്‍ സര്‍ക്കാരിന്റെ ധനസഹായം. മംഗളൂരുവില്‍ കൊല്ലപ്പെട്ട രണ്ടുപേരുടേയും കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ വീതമാണ് ധനസഹായം നല്‍കുകയെന്ന് ബംഗാള്‍ മുപഖ്യമന്ത്രി മമതാ ബാനര്‍ജി അറിയിച്ചു.
കൊല്‍ക്കത്തയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധറാലിയിലാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്. കഴിഞ്ഞ ആഴ്ച മംഗളൂരുവില്‍ പോലീസ് വെടിവെപ്പില്‍ രണ്ടുപേരാണ് കൊല്ലപ്പെട്ടത്. മംഗളൂരുവില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് നേരത്തെ പത്തുലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ അറിയിച്ചിരുന്നെങ്കിലും പിന്നീട് അതില്‍ നിന്ന് പിന്മാറിയിരുന്നു. അന്വേഷണങ്ങള്‍ക്ക് ശേഷം മാത്രമേ നഷ്ടപരിഹാരം നല്‍കൂവെന്നായിരുന്നു യെദിയൂരപ്പ കഴിഞ്ഞ ദിവസം അറിയിച്ചത്. ഇതിന് പിന്നാലെയാണ് മമത ബാനര്‍ജി മരിച്ചവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
പൗരത്വഭേദഗതി നിയമത്തിനും എന്‍ആര്‍സിക്കുമെതിരായി പശ്ചിമ ബംഗാളിലുടനീളം തുടര്‍ച്ചയായി മമതാ ബാനര്‍ജി പ്രതിഷേധ റാലികള്‍ സംഘടിപ്പിച്ച് വരികയാണ്. ജനാധിപത്യരീതിയില്‍ പ്രതിഷേധം തുടരാന്‍ അവര്‍ വിദ്യാര്‍ത്ഥികളോട് ആഹ്വാനം ചെയ്യുകയും ചെയ്തു.