ടൈംടേബിള്‍ തയ്യാറാക്കി, ചിട്ടയോടെ പഠിച്ചു, പക്ഷേ എല്ലാം വെറുതെയായി; ഉത്തര്‍പ്രദേശില്‍ പോലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടത് സിവില്‍ സര്‍വ്വീസ് സ്വപ്‌നം കണ്ട യുവാവ്
December 26, 2019 2:48 pm
0
ലഖ്‌നൗ: പൗരത്വ നിയമഭേദഗതിക്കെതിരെ ഉത്തര്‍പ്രദേശില്‍ നടന്ന പ്രക്ഷോഭത്തില്‍ പോലീസിന്റെ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരില്‍ ഒരാള്‍ സിവില്‍ സര്‍വ്വീസ് സ്വപ്‌നം കണ്ട യുവാവ്. ടൈംടേബിള്‍ തയ്യാറാക്കി ചിട്ടയോടുകൂടി പഠിച്ച് മനസ്സും ശരീരവും ഒരു പോലെ സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്കായി ഒരുക്കിയ സുലേമാന്‍(20) ഉത്തര്‍പ്രദേശിലെ ബിജ്‌നൂരില്‍ നടന്ന പ്രക്ഷോപത്തിനിടെയാണ് വെടിയേറ്റ് മരിച്ചത്.
സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ടൈം ടേബിള്‍ തയ്യാറാക്കിയായിരുന്നു സുലേമാന്റെ പഠനം. ഒരു ദിവസം രണ്ട് നേരം അയാള്‍ പള്ളിയില്‍ നമസ്‌ക്കരിക്കാന്‍ പോകുമായിരുന്നു. ടൈംടേബിള്‍ പ്രകാരം 2.30ന് ഹിന്ദി പഠിയ്‌ക്കേണ്ടിയിരുന്ന സുലേമാന്‍ വെള്ളിയാഴ്ച ഒന്നരയ്ക്ക് പള്ളിയില്‍ പോയി വീട്ടില്‍ തിരിച്ചെത്തിയില്ല.
പൗരത്വ നിയമത്തിനെതിരെ ബിജ്‌നൂരില്‍ നടന്ന പ്രക്ഷോപത്തിനിടെ സുലേമാന്‍ വെടിയേറ്റ് മരിച്ചെന്ന് പോലീസ് വെളിപ്പെടുത്തിയിരുന്നു. പ്രാണ രക്ഷാര്‍ത്ഥം ഒരു പോലീസ് കോണ്‍സ്റ്റബിള്‍ സുലേമാന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ പോലീസിന്റെ വാദം തള്ളി സുലേമാന്റെ കുടുംബം രംഗത്തെത്തി.
സുലേമാന്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുത്തുകൊണ്ടിരിക്കുകയായിരുന്നുവെന്നും പ്രക്ഷോഭത്തില്‍ പങ്കെടുത്തിരുന്നില്ലെന്നും കുടുംബം വ്യക്തമാക്കി. പള്ളിയില്‍ നമസ്‌ക്കരിക്കാന്‍ പോയ സുലേമാന്‍ ബിജ്‌നൂരില്‍ വെച്ച് പോലീസ് പ്രക്ഷോഭകാരികള്‍ക്കെതിരേ നടത്തിയ ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതക പ്രയോഗവും കണ്ടുകൊണ്ടു നില്‍ക്കുകയായിരുന്നെന്നും ഇതിനിടെ പോലീസ് സുലേമാന് നേരെ വെടിയുതിര്‍ക്കുകയായിരുന്നെന്നും കുടുംബം ആരോപിച്ചു.
പോലീസിന്റെ വാദം കള്ളമാണെന്ന് സഹോദരനും ആരോപിക്കുന്നു. സിവില്‍ സര്‍വ്വീസ് സ്വപ്‌നം കണ്ട് സുലേമാന്‍ തയ്യാറാക്കിയ നോട്ടുകളും ടൈംടേബിളുമെല്ലാം ബിജ്‌നൂരിലേ വീട്ടിലുണ്ട്, ഇത് സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയുമെല്ലാം ഉള്ളുപൊള്ളിച്ചുകൊണ്ടിരിക്കുകയാണ്.