പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചു; മദ്രാസ് ഐഐടിയിലെ ജര്‍മന്‍ വിദ്യാര്‍ഥിയ്ക്ക് രാജ്യം വിടാന്‍ നിര്‍ദേശം
December 24, 2019 4:00 pm
0
ചെന്നൈ: പൗരത്വ നിയമഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുത്ത ജര്‍മന്‍ വിദ്യാര്‍ത്ഥിയോട് എത്രയും പെട്ടെന്ന് ഇന്ത്യ വിടണമെന്ന് അധികൃതര്‍. ഗവണ്‍മെന്റിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തത് വിസ ചട്ടങ്ങളുടെ ലംഘനമാണെന്ന് കാട്ടിയാണ് വിദ്യാര്‍ത്ഥിയോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജോസഫ് എന്ന ജര്‍മന്‍ വിദ്യാര്‍ത്ഥിയെയാണ് വിസാ ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടാക്കാട്ടി തിരിച്ചയക്കുന്നത്. ഇത് സംബന്ധിച്ച നോട്ടീസ് എമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് മദ്രാസ് ഐഐടിക്ക് കൈമാറി.
ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനമേറ്റതിന്റെ പിറ്റേന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ചെന്നൈയിലെ ചെക്ക്പോക്കില്‍ നടത്തിയ പ്രതിഷേധത്തില്‍ ജോസഫ് പങ്കെടുത്തിരുന്നു. യൂണിഫോമിട്ടാലും കുറ്റവാളികള്‍ കുറ്റവാളികള്‍ തന്നെയാണ് എന്ന ബാനര്‍ ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന ജോസഫിന്റെ ചിത്രം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഈ ചിത്രത്തിന്റെ അടിസ്ഥാനത്തില്‍ ഐഐടി നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് നടപടി.
പൗരത്വ നിയമഭേദഗതിക്കെതിരായുള്ള പ്രതിഷേധത്തെ തുടര്‍ന്ന് ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കുനേരെ നടന്ന പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് ഐഐടി വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തിയത്. വിസ നല്‍കുന്ന സമയത്ത് പഠനത്തിനുവേണ്ടി മാത്രമാണ് വിസയെന്നും തൊഴിലെടുക്കാനോ പ്രതിഷേധത്തില്‍ പങ്കെടുക്കാനോ പാടില്ലെന്നും വിസയില്‍ സൂചിപ്പിക്കുന്നുണ്ട്.
ജര്‍മ്മന്‍ പൗരനായ ജോസഫ് ലിന്‍ഡര്‍താളിനെയാണ് പുറത്താക്കിയത്. എമിഗ്രേഷന്‍ ഓഫീസില്‍ വിളിച്ചു വരുത്തി നോട്ടീസ് വായിച്ച് കേള്‍പ്പിക്കുകയായിരുന്നു. നോട്ടീസിന്റെ പകര്‍പ്പ് പോലും വിദ്യാര്‍ത്ഥിക്ക് നല്‍കിയില്ല. ഉടന്‍ തന്നെ രാജ്യം വിടണമെന്നാണ് എമിഗ്രേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ ജോസഫ് ലിന്‍ഡര്‍താളിനോട് ആവശ്യപ്പെട്ടത്. ഇതനുസരിച്ച് വിദ്യാര്‍ത്ഥി ജര്‍മ്മനിയിലേക്ക് തിരിച്ചു.
ട്രിപ്‌സണ്‍ സര്‍വകലാശാലയില്‍ നിന്നു ഫിസിക്‌സ് പഠനത്തിനെത്തിയതാണ് ജര്‍മന്‍ സ്വദേശി ജേക്കബ് ലിന്‍ഡന്‍. ഒരു സെമസ്റ്റര്‍ ബാക്കി നില്‍ക്കെയാണ് ഇയാളെ രാജ്യത്ത് നിന്നും പുറത്താക്കിയത്. ഞായറാഴ്ച രാവിലെ നോട്ടിസ് കിട്ടിയതിനു പിന്നാലെ ജേക്കബ് രാത്രി ജര്‍മനിയിലേക്കു തിരിച്ചു. സമരത്തിനു കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി കഴിഞ്ഞ ദിവസം ഡീന്‍ വിദ്യാര്‍ത്ഥികള്‍ക്കു സര്‍ക്കുലര്‍ അയച്ചിരുന്നു.
സമരത്തില്‍ പങ്കെടുക്കുന്നതിന് മദ്രാസ് ഐഐടി വിദ്യാര്‍ത്ഥികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. സമരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. ഇത് വകവെക്കാതെ മദ്രാസ് ഐഐടി വിദ്യാര്‍ത്ഥികള്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. കൂടാതെ, മദ്രാസ് സര്‍വകലാശാല ഉള്‍പ്പടെ ചെന്നൈയിലെ മറ്റു കലാലയങ്ങളിലെ വിദ്യാര്‍ത്ഥികളും തമിഴ്‌നാട്ടില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്.