തിരുവനന്തപുരത്ത് യെദിയൂരപ്പക്ക് നേരെ കരിങ്കൊടി പ്രതിഷേധം
December 24, 2019 12:00 pm
0
തിരുവനന്തപുരം: തലസ്ഥാനത്ത് സ്വകാര്യ സന്ദര്‍ശനത്തിനെത്തിയ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പക്ക് നേരെ ഇന്നും ഇന്നലെയുമായി കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. തിരുവനന്തപുരത്തു നിന്ന് രാജരാജേശ്വരി ക്ഷേത്ര ദര്‍ശനത്തിനായി കണ്ണൂരിലേക്ക് തിരിക്കാന്‍ വിമാനത്താവളത്തിലെത്തിയപ്പോഴായിരുന്നു കെ.എസ്.യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ഇത് പൊലീസ് തടയുകയായിരുന്നു.
തിങ്കളാഴ്ച കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രണ്ടിടത്ത് യെദിയൂരപ്പയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 20 ഓളം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. വൈകുന്നേരം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ യെദിയൂരപ്പ പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങി ഹോട്ടലിലേക്ക് പോകവെയാണ് കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്.
തമ്ബാനൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തായിരുന്നു തിങ്കളാഴ്ചയിലെ ആദ്യ പ്രതിഷേധം. വാഹനവ്യൂഹത്തിന് നേരെ ഓടിയെത്തിയ കെ.എസ്.യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. പൊലീസെത്തി പ്രവര്‍ത്തകരെ നീക്കം ചെയ്തു. പിന്നാലെയാണ് അദ്ദേഹം താമസിക്കുന്ന ഹോട്ടല്‍ ഹൈസിന്തിന് മുന്നില്‍ മുഖ്യമന്ത്രിയുടെ വാഹനം തടസ്സപ്പെടുത്തി കരിങ്കൊടി കാട്ടാനുള്ള ശ്രമം നടന്നത്.
20 ഓളം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് എ.ആര് ക്യാമ്ബിലേക്ക് മാറ്റി. കെ.എസ്.യു നേതാക്കളായ സെയ്ദലി കായ്പ്പാടി, റിങ്കു പടിപ്പുരയില്‍, ബാഹുല്‍ കൃഷ്ണ, സുഹൈല്‍, അന്‍സാരി, യദുകൃഷ്ണന്, മനീഷ്, ആദേഷ്, എസ്.എം. സുജിത്ത്, ഷാഹിദ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
കര്‍ണാടക മുഖ്യമന്ത്രിക്കായി വലിയ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരുന്നത്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനാണ് അദ്ദേഹം തലസ്ഥാനത്ത് എത്തിയത്.