Friday, 24th January 2025
January 24, 2025

ജാര്‍ഖണ്ഡില്‍ ബിജെപി വിരുദ്ധ മഹാസഖ്യം അധികാരത്തിലേക്ക്

  • December 23, 2019 2:47 pm

  • 0

റാഞ്ചി: മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഢ് സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ ബിജെപിക്ക് തിരിച്ചടിയായി ജാര്‍ഖണ്ഡിലും ബിജെപി ഇതര സര്‍ക്കാര്‍ അധികാരത്തിലേറുന്നു. ജെഎംഎംആര്‍ജെഡികോണ്‍ഗ്രസ് മഹാസഖ്യം തീര്‍ത്ത രാഷ്ട്രീയം 65 സീറ്റ് എന്ന ലക്ഷ്യം കുറിച്ച്‌ സംസ്ഥാനത്തു പ്രചാരണത്തിനിറങ്ങിയ മുഖ്യമന്ത്രി രഘുബര്‍ദാസിന്റെയും ബിജെപിയുടെയും വേരറുക്കലായി.

ആര്‍ട്ടിക്കിള്‍ 370 യും പൗരത്വ നിയമഭേദഗതിയും പൗരത്വ രജിസ്റ്ററും ബിജെപി മുഖ്യവിഷയമാക്കിയപ്പോള്‍ പ്രാദേശിക വിഷയങ്ങളിലൂന്നിയ ഹേമന്ത് സോറന് പിന്നില്‍ മഹാസഖ്യം ഒന്നിച്ചുനിന്നു. തെക്കന്‍ ജാര്‍ഖണ്ഡില്‍ മുന്നേറ്റമുണ്ടാക്കിയ കോണ്‍ഗ്രസിന്റെ പ്രചാരണം ഏകോപിപ്പിച്ചതാകട്ടെ 40 ദിവസമായി സംസ്ഥാനത്ത് തങ്ങിയ എഐസിസി സെക്രട്ടറി ആര്‍പിഎന്‍ സിങ്ങും.

ജാര്‍ഖണ്ഡില്‍ എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചതിലും വലിയ വിജയമാണ് മഹാസഖ്യം നേടിയത്. ജെ.വി.പിയുടെയും എ.ജെ.എസ്.യുവിന്റെയും വിലപേശല്‍ ശേഷി നഷ്ടപ്പെട്ടതും ഈ തിരഞ്ഞെടുപ്പ് ഫലത്തിന്റെ പ്രത്യേകതയാണ്. ഏഴ് സീറ്റില്‍ മത്സരിച്ച ആര്‍ജെഡി അഞ്ച് സീറ്റിലും മുന്നിലെത്തിയത് ശ്രദ്ധേയമായി.

അതേസമയം ഏറ്റവും ശക്തമായ പോരാട്ടം നടന്ന ജംഷഡ്പൂര്‍ ഈസ്റ്റില്‍ മുഖ്യമന്ത്രി രഘുബര്‍ ദാസിനെ ദിവസങ്ങള്‍ക്ക് മുമ്ബ് വരെ മന്ത്രിയായിരുന്ന സരയു റായ് അട്ടിമറിച്ചേക്കുമെന്ന സൂചനയാണ് വരുന്നത്. ചക്രധര്‍പൂരില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ലക്ഷ്മണ്‍ ഗിലുവ പരാജയത്തിലേക്ക് നീങ്ങുന്നു.