Friday, 24th January 2025
January 24, 2025

പ്രതിഷേധം ആളിക്കത്തുന്നു; റെയില്‍വേയ്ക്ക് ഇതുവരെ നഷ്ടം 90 കോടി രൂപ

  • December 21, 2019 3:50 pm

  • 0

ഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരേ രാജ്യവ്യാപകമായി ഉയര്‍ന്ന പ്രതിഷേധത്തില്‍ ഇതുവരെ ഇന്ത്യന്‍ റെയില്‍വേയ്ക്ക് 90 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് ഡയറക്ടര്‍ ജനറല്‍ അരുണ്‍ കുമാര്‍ വ്യക്തമാക്കി.ജനങ്ങളുടെ പ്രതിഷേധത്തിനിടെ കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ വിവിധ ഇടങ്ങളില്‍ ട്രെയിനുകള്‍ക്കും റെയില്‍വേ സ്റ്റേഷനുകള്‍ക്കുംനേരെ വ്യാപകമായ അക്രമങ്ങളാണുണ്ടായത്.

ആകെയുള്ള നാശനഷ്ടത്തില്‍ 80 ശതമാനവും കിഴക്കന്‍ റെയില്‍വേ ഡിവിഷനിലാണെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രക്ഷോഭം ഏറ്റവും ശക്തമായ ബംഗാളില്‍ പ്രതിഷേധക്കാര്‍ നിരവധി റെയില്‍വേ സ്റ്റേഷനുകള്‍ തല്ലിത്തകര്‍ക്കുകയും ട്രെയിനുകള്‍ക്ക് തീവെക്കുകയും ചെയ്തിരുന്നു. 72.19 കോടി രൂപയുടെ നാശനഷ്ടം കിഴക്കന്‍ റെയില്‍വേയ്ക്കുണ്ടായി.

ബംഗാളില്‍ ഹൗറ, സീല്‍ഡ, മാല്‍ഡ എന്നീ ഡിവിഷനുകളെയാണ് അക്രമം കൂടുതല്‍ ബാധിച്ചത്. മുഖ്യമന്ത്രി മമത ബാനര്‍ജി നടത്തിയ മാര്‍ച്ചിന് പിന്നാലെയാണ് ഈ സ്റ്റേഷനുകള്‍ക്ക് നേരെ വ്യാപകമായ അക്രമമുണ്ടായത്. ബംഗാളില്‍ നിലവില്‍ സ്ഥിതിഗതികല്‍ ശാന്തമാണെന്നും കൂടുതല്‍ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അരുണ്‍ കുമാര്‍ വ്യക്തമാക്കി.

വടക്ക് കിഴക്കന്‍ റെയില്‍വേയാണ് നഷ്ടത്തില്‍ രണ്ടാമത്. 12.75 കോടിയുടെ നഷ്ടമുണ്ടായി. നോര്‍ത്ത് ഈസ്‌റ്റേണ്‍ റെയില്‍വേയുടെ നഷ്ടം 2.98 കോടി രൂപയാണ്. അക്രമ സംഭവങ്ങളില്‍ ഇതുവരെ 85 എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും ആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ പറഞ്ഞു. വീഡിയോയിലൂടെ തിരിച്ചറിഞ്ഞ അക്രമകാരികള്‍ക്കെതിരേയാണ് കേസ് എടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.