Friday, 24th January 2025
January 24, 2025

പൗരത്വ ഭേദഗതി നിയമം; മൗനം വെടിഞ്ഞ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം, പൗരത്വം ഇങ്ങനെ തെളിയിക്കാം

  • December 21, 2019 9:54 am

  • 0

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് അക്രമങ്ങള്‍ തുടരുമ്ബോള്‍ മൗനം വെടിഞ്ഞ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. പൗരത്വം തെളിയിക്കാന്‍ ജനനത്തീയതിയോ ജനനസ്ഥലമോ രണ്ടും ഒന്നിച്ചുകാണിക്കുന്നതോ ആയ ആധികാരികരേഖ മതിയെന്ന് മന്ത്രാലയം വ്യക്തമാക്കി.

ജനനത്തീയതിയും സ്ഥലവും കാണിക്കുന്ന രേഖകളൊന്നും ഇല്ലാത്തവര്‍ സാക്ഷികളെ ഹാജരാക്കിയാല്‍ മതിയാവും എന്നും ട്വീറ്റില്‍ പറയുന്നുണ്ട്. അതേസമയം പൗരത്വ നിയമം ഒരുവിധത്തിലും നിലവിലെ പൗരന്മാരെ ദോഷകരമായി ബാധിക്കില്ലെന്നും വക്താവ് ട്വീറ്റ് ചെയ്തു.

അതേസമയം 1987-നുമുമ്ബ് ഇന്ത്യയില്‍ ജനിച്ചവരും ആ വര്‍ഷത്തിനുമുമ്ബ് ജനിച്ച മാതാപിതാക്കളുള്ളവരും നിയമപ്രകാരം ഇന്ത്യക്കാരാണെന്നും പൗരത്വനിയമ ഭേദഗതിയും പട്ടികയും ഇവരെ ബാധിക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

2004ലെ പൗരത്വനിയമ ഭേദഗതിയനുസരിച്ച്‌, മാതാപിതാക്കള്‍ അനധികൃത കുടിയേറ്റക്കാരല്ലാത്തവരും മാതാപിതാക്കളിലൊരാള്‍ ഇന്ത്യന്‍ പൗരനാവുകയും അനധികൃത കുടിയേറ്റക്കാരല്ലാതിരിക്കുകയും ചെയ്താല്‍ അവരുടെ മക്കളെ ഇന്ത്യക്കാരായി പരിഗണിക്കും. പൗരത്വനിയമത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളും വിവാദങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ വിശദീകരണം.