മംഗളൂരുവില്‍ സംഘര്‍ഷമുണ്ടാക്കിയത് കേരളത്തില്‍ നിന്നുള്ളവരെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി, മാദ്ധ്യമപ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
December 20, 2019 9:54 am
0
മംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മംഗളൂരുവില്‍ നടന്ന സംഘര്‍ഷമുണ്ടാക്കിയത് അയല്‍സംസ്ഥാനമായ കേരളത്തില്‍ നിന്നുള്ളവരാണെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ. ആക്രമണത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെയും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.പൊലീസ് സ്റ്റേഷന്‍ തീയിടാന്‍ ശ്രമിച്ചപ്പോഴാണ് പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവച്ചതെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, മംഗളൂരുവില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന വെന്‍ലോക്ക് ആശുപത്രിക്ക് സമീപം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മലയാളി മാദ്ധ്യമപ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവരില്‍ നിന്ന് ക്യാമറ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും പിടിച്ചുവാങ്ങി. പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിലാണ് നടപടി. പൊലീസെത്തി മാദ്ധ്യമപ്രവര്‍ത്തകരോട് സ്ഥലത്ത് നിന്ന് മാറാന്‍ ആവശ്യപ്പെടുകയും,ശേഷം കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
സംഘര്‍ഷ സാദ്ധ്യതയുണ്ടാകുമെന്ന ഇന്റലിജന്റ്സ് മുന്നറിയിപ്പിനെതുടര്‍ന്ന് മംഗലാപുരത്ത് നേരത്തെതന്നെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നിരോധനാജ്ഞ നിലനില്‍ക്കുമ്ബോള്‍ തന്നെ ആയിരക്കണക്കിന് പേര്‍ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുക്കാനെത്തി. കമ്മീഷണര്‍ ഓഫീസിലേക്കുള്ള പ്രതിഷേധ മാര്‍ച്ച് പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്.
പൊലീസ് ആദ്യം പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തി ചാര്‍ജ് നടത്തുകയും പിന്നീട് ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. തുടര്‍ന്നാണ് വെടിവയ്പ് നടത്തിയത്. പ്രതിഷേധത്തിനിടെയുണ്ടായ പൊലീസ് വെടിവയ്പില്‍ മംഗളൂരുവില്‍ രണ്ട് പേരാണ് ഇന്നലെ മരണമടഞ്ഞത്. സംഘര്‍ഷത്തില്‍ നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പത്ത് പേരുടെ നില ഗുരുതരമാണ്. മംഗളൂരു കമ്മിഷണറേറ്റ് പരിധിയില്‍ മുഴുവന്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. നേരത്തെ അഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രമായിരുന്നു കര്‍ഫ്യൂ. കേരള അതിര്‍ത്തിയോട് ചേര്‍ന്നുള്ള ദക്ഷിണ കന്നഡ ജില്ലയില്‍ ഇന്‍റര്‍നെറ്റിന് രണ്ട് ദിവസത്തേക്ക് നിരോധനം ഏര്‍പ്പെടുത്തി.