Friday, 24th January 2025
January 24, 2025

ദില്ലിയില്‍ ഇന്റര്‍നെറ്റ് റദ്ദാക്കി കേന്ദ്ര സര്‍ക്കാര്‍, സൗജന്യ വൈഫൈയിലൂടെ മറുപടി നല്‍കി കെജ്രിവാള്‍

  • December 19, 2019 5:55 pm

  • 0

ദില്ലി: രാജ്യതലസ്ഥാനമായ ദില്ലിയില്‍ സൗജന്യ വൈഫൈ സംവിധാനം ഏര്‍പ്പെടുത്തി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. പൗരത്വ ഭേദഗതി നിയമത്തിന് എതിരെ ദില്ലി കേന്ദ്രീകരിച്ച്‌ നടക്കുന്ന പ്രക്ഷോഭങ്ങളെ നേരിടുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സൗകര്യം റദ്ദാക്കിയതിന് പിന്നാലെയാണ് കെജ്രിവാളിന്റെ നീക്കം.

പൗരത്വ ഭേദഗതി നിയമത്തിന് എതിരെ നടക്കുന്ന സമരങ്ങളുടെ പേരില്‍ ദില്ലിയില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചത് വിരോധാഭാസമാണ് എന്നാണ് അരവിന്ദ് കെജ്രിവാള്‍ പ്രതികരിച്ചത്. രാജ്യതലസ്ഥാനത്ത് അക്രമങ്ങള്‍ അരങ്ങേറുകയാണ് എന്നും അതിനെതിരെ കെജ്രിവാള്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും ബിജെപി ആരോപിച്ചിരുന്നു.

കലാപം നടത്താന്‍ മിടുക്കുളളവര്‍ ആരാണെന്ന് ജനങ്ങള്‍ക്കറിയാം എന്നാണ് ബിജെപിക്ക് കെജ്രിവാള്‍ മറുപടി നല്‍കിയത്ജാമിയ മിലിയയില്‍ നിന്നും ജെഎന്‍യുവില്‍ നിന്നുമുളള വിദ്യാര്‍ത്ഥികളും സിപിഎം, സിപിഐ അടക്കമുളള ഇടത് സംഘടനകളുടേയും നേതൃത്വത്തിലാണ് ദില്ലിയില്‍ പ്രതിഷേധം നടക്കുന്നത്. പ്രക്ഷോഭത്തിന് നേതൃത്വം നല്‍കാനെത്തിയ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുളളവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

പ്രക്ഷോഭം ശക്തി പ്രാപിച്ചതോടെയാണ് ദില്ലിയുടെ വിവിധ ഭാഗങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സൗകര്യം വിച്ഛേദിച്ചത്. സേവനം നിര്‍ത്തി വെയ്ക്കാന്‍ നിര്‍ദേശം ലലഭിച്ചതായി വോഡഫോണ്‍, എയര്‍ടെല്‍ അടക്കമുളള സേവനദാതാക്കള്‍ അറിയിച്ചിരുന്നു. പ്രതിഷേധ സമരങ്ങളുടെ പശ്ചാത്തലത്തില്‍ ആസാമിലാണ് സര്‍ക്കാര്‍ ആദ്യം ഇന്റര്‍നെറ്റ് റദ്ദാക്കിയത്. എന്നാല്‍ വൈകിട്ട് 5 മണിക്ക് മുന്‍പ് ഇന്റര്‍നെറ്റ് ബന്ധം പുനസ്ഥാപിക്കണം എന്നാണ് ഗുവാഹത്തി ഹൈക്കോടതി സര്‍ക്കാരിനോട് ഉത്തരവിട്ടിരിക്കുന്നത്.