Friday, 24th January 2025
January 24, 2025

നിര്‍ഭയ കേസ്: പവന്‍ ഗുപ്തയുടെ വധശിക്ഷയില്‍ മാറ്റമില്ല, പ്രായപൂര്‍ത്തിയായിട്ടില്ലെന്ന വാദങ്ങള്‍ തള്ളി

  • December 19, 2019 4:46 pm

  • 0

ദില്ലി: നിര്‍ഭയ കേസില്‍ കുറ്റവാളി പവന്‍ കുമാര്‍ ഗുപ്തയുടെ വധശിക്ഷയില്‍ മാറ്റമില്ല. വധശിക്ഷയില്‍ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് പവന്‍ കുമാര്‍ ദില്ലി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളി. സംഭവം നടക്കുമ്ബോള്‍ പ്രായപൂര്‍ത്തിയായില്ല എന്നായിരുന്നു പവന്‍ കുമാറിന്റെ വാദം. അതേസമയം തന്റെ അസ്ഥികളുടെ ദൃഢീകരണവുമായി ബന്ധപ്പെട്ട ടെസ്റ്റുകള്‍ ആ സമയത്ത് നടത്തിയിരുന്നില്ലെന്നും, തനിക്ക് അതിന്റെ ആനുകൂല്യം നല്‍കണമെന്നും പവന്‍ കുമാര്‍ ആവശ്യപ്പെട്ടിരുന്നു.

2012ലാണ് ദില്ലിയില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ അഞ്ച് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. വിചാരണകോടതി ഈ ഹര്‍ജി തള്ളിയിരുന്നു. സുപ്രീം കോടതിക്ക് മുന്നിലും പ്രതി ഈ വാദങ്ങള്‍ ഉന്നയിച്ചിരുന്നുഅതേസമയം പവന്‍ ഗുപ്തയുടെ അഭിഭാഷകന്‍ എപി സിംഗിന് കോടതി 25000 രൂപ പിഴയിട്ടു. തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് ഇയാള്‍ക്ക് പിഴയിട്ടത്.

ഇതോടെ കേസിലെ നാല് പ്രതികള്‍ക്കും തൂക്കുകയര്‍ ഉറപ്പായി. നേരത്തെ പ്രതികളിലൊരാള്‍ ജയിലില്‍ ആത്മഹത്യ ചെയ്തിരുന്നു. പ്രായപൂര്‍ത്തിയാവാത്ത മറ്റൊരു പ്രതി മൂന്ന് വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം പുറത്തിറങ്ങിയിരുന്നു. ഇയാള്‍ ജുവനൈല്‍ ഹോമിലായിരുന്നു. അതേസമയം അവസാന നിമിഷം കേസില്‍ വധശിക്ഷ ഒഴിവാക്കുന്നതിന് എല്ലാ പ്രതികളും ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ഒന്നിലും അനുകൂല വിധിയുണ്ടായിരുന്നില്ല.

കഴിഞ്ഞ ദിവസം സുപ്രീം കോടതി കേസിലെ മുഖ്യ പ്രതി അക്ഷയ് കുമാര്‍ സിംഗിന്റെ പുന:പ്പരിശോധന ഹര്‍ജി തള്ളിയിരുന്നു. ഇയാള്‍ക്കും വധശിക്ഷയായിരുന്നു ലഭിച്ചത്. ദില്ലിയിലെ വായുമലിനീകരണം തൂക്കുകയറിനേക്കാള്‍ കഠിനമാണെന്ന വാദമാണ് ഇയാള്‍ കോടതിക്ക് മുന്നില്‍ ഉയര്‍ത്തി. വധശിക്ഷ വൈകിപ്പിക്കാനുള്ള ശ്രമമാണ് പ്രതികള്‍ നടത്തുന്നതെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതേസമയം പ്രതികള്‍ ദയാഹര്‍ജി നല്‍കുന്നുണ്ടോ എന്നറിയാന്‍ ഒരാഴ്ച്ചത്തെ സമയം നല്‍കിയിട്ടുണ്ട് കോടതി.