Friday, 24th January 2025
January 24, 2025

പൗരത്വ ബില്‍: സീതാറാം യെച്ചൂരിയും, ഡി രാജയും അറസ്റ്റില്‍

  • December 19, 2019 2:50 pm

  • 0

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ന് രാജ്യ വ്യാപക പ്രതിഷേധം സംഘടിപ്പിച്ച ഇടത് നേതാക്കള്‍ അറസ്റ്റില്‍. സി പി എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഇടത് നേതാവ് ഡി രാജ എന്നിവരെ അറസ്റ്റ് ചെയ്‌തു. രാജ്യത്തുടനീളം വിവിധ സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളും ദേശീയ തലത്തില്‍ പ്രതിഷേധങ്ങള്‍ക്ക് ആഹ്വാനം ചെയ്തിരിക്കുകയാണ്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയിലും പശ്ചിമ ബംഗാളിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രക്ഷോഭം നടന്നുകൊണ്ടിരിക്കുകയാണ്. ഡല്‍ഹിയില്‍ ജാമിഅ മില്ലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍, ഇടതു സംഘടനകള്‍, യുനൈറ്റഡ് എഗൈന്‍സ്റ്റ് ഹെയ്റ്റ്, തുടങ്ങി 60ലധികം സംഘടനകള്‍ ഇന്ന് ചെങ്കോട്ടയിലേക്ക് മാര്‍ച്ച്‌ നടത്തിഎംപിമാരെ അടക്കം പങ്കെടുപ്പിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

അതേസമയം, പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തെത്തുടര്‍ന്ന് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയെയും പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരു ടൗണ്‍ ഹാളിന് മുന്നില്‍ പ്രതിഷേധിക്കാന്‍ എത്തിയപ്പോഴാണ് പൊലീസ് നടപടി ഉണ്ടായത്.

ഗാന്ധിജിയുടെ ചിത്രമുള്ള പോസ്റ്റര്‍ പിടിക്കുകയും ഭരണഘടനയെക്കുറിച്ച്‌ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയും ചെയ്തതിനാണ് തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് രാമചന്ദ്രഗുഹ പ്രതികരിച്ചു. പൊലീസുകാര്‍ കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദ്ദേശമനുസരിച്ച്‌ പ്രവര്‍ത്തിക്കുകയാണ്. വിവേചനപരമായ ഒരു നിയമത്തിനെതിരെ തങ്ങള്‍ സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്നു, അച്ചടക്കത്തോടെയായിരുന്നു പ്രതിഷേധം. എല്ലാവരും സമാധാനപരമായാണ് പ്രതിഷേധിച്ചത്. ഏതെങ്കിലും തരത്തിലുള്ള അക്രമം അവിടെ കാണാന്‍ കഴിഞ്ഞോ എന്നും രാമചന്ദ്രഗുഹ ചോദിച്ചു.പറഞ്ഞുതീരും മുമ്ബേ അദ്ദേഹത്തെ പൊലീസ് തള്ളിനീക്കുകയായിരുന്നു.