Friday, 24th January 2025
January 24, 2025

മുന്‍ കാമുകന്റെ ജനനേന്ദ്രിയം ഛേദിച്ചു, തിരിച്ചുനല്‍കാനുളള അഭ്യര്‍ത്ഥനയും 42കാരി തളളി; ദന്ത ഡോക്ടര്‍ക്ക് 10 വര്‍ഷം കഠിന തടവ്

  • December 16, 2019 6:50 pm

  • 0

ബംഗളൂരുമുന്‍ കാമുകന്റെ ജനനേന്ദ്രിയം ഛേദിച്ച കേസില്‍ ദന്ത ഡോക്ടറിന് 10 വര്‍ഷത്തെ കഠിന തടവ്. പത്തുവര്‍ഷം മുന്‍പ് നടന്ന സംഭവത്തില്‍ 15,000 രൂപ പിഴയും രണ്ടു ലക്ഷം രൂപ ഇരയ്ക്ക് നഷ്ടപരിഹാരമായും ബംഗളൂരുവിലെ സെഷന്‍സ് കോടതി വിധിച്ചു.

2008 നവംബര്‍ 29നാണ് സംഭവം.സയീദ അമീന നഹീം എന്ന 42കാരിക്കാണ് കോടതി ശിക്ഷ വിധിച്ചത്. മൈസൂരുവിലെ ഫിസിഷ്യനായ മിര്‍ അര്‍ഷദ് അലിയാണ് ആക്രമണത്തിന് ഇരയായത്. സയീദ അമീന കോരമംഗലത്ത് നടത്തുന്ന ദന്തല്‍ ക്ലിനിക്കില്‍ വച്ചാണ് അര്‍ഷദ് അലിക്ക് നേരെ ആക്രമണമുണ്ടായത്.

മുന്‍ കാമുകന്‍ മറ്റൊരു വിവാഹം കഴിക്കാന്‍ പോകുന്നതിലുളള പ്രകോപനമാണ് ആക്രമണത്തില്‍ കലാശിച്ചത്വൈവാഹിക ജീവിതം നഷ്ടമായ അര്‍ഷദിന് നഷ്ടപരിഹാരം പ്രശ്‌നങ്ങള്‍ക്കുളള മതിയായ പരിഹാരമല്ലെന്ന് നിരീക്ഷിച്ച കോടതി വിധി പ്രസ്താവിക്കുകയായിരുന്നു. അര്‍ഷദ് മാനസികമായും ഒരുപാട് അനുഭവിച്ചതായും കോടതി നിരീക്ഷിച്ചു.

സയീദയും അര്‍ഷദ് അലിയും അടുപ്പത്തിലായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. അലി ബന്ധം അവസാനിപ്പിച്ച്‌ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തു. ഇതില്‍ കുപിതയായ സയീദ ക്ലിനിക്കില്‍ വന്ന് കാണണമെന്ന് ആവശ്യപ്പെട്ടു. അവിടെ വച്ച്‌ അര്‍ഷദിന് മയക്കുമരുന്ന് കലര്‍ത്തിയ ഫ്രൂട്ട് ജ്യൂസ് നല്‍കി. തുടര്‍ന്ന് അബോധാവസ്ഥയിലായ അര്‍ഷദിനെ ആക്രമിക്കുകയായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

അര്‍ഷദിനെ ആശുപത്രിയിലാക്കാന്‍ സഹായിച്ചതും ദന്ത ഡോക്ടറാണ്. മുറിച്ചെടുത്ത ജനനേന്ദ്രിയം ഉടന്‍ എത്തിക്കുകയാണെങ്കില്‍ ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ക്കാന്‍ സാധിക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ ഇരയുടെയും ഭാര്യയുടെയും അഭ്യര്‍ത്ഥന മാനിക്കാന്‍ പോലും ദന്ത ഡോക്ടര്‍ തയ്യാറായില്ലെന്ന് അര്‍ഷദിന്റെ അഭിഭാഷകന്‍ പറഞ്ഞു. തുടര്‍ന്ന് കൊലപാതക ശ്രമത്തിന് ദന്ത ഡോക്ടര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.