നിര്‍ഭയ കൂട്ടബലാത്സംഗ കേസിന് ഇന്ന് ഏഴ് വയസ്; മകള്‍ക്ക് നീതി കിട്ടിയില്ലെന്ന് അമ്മ ആശാ ദേവി
December 16, 2019 11:04 am
0
രാജ്യത്തെ നാണക്കേടിലാഴ്ത്തിയ ദല്‍ഹി കൂട്ടബലാത്സംഗം നടന്നിട്ട് ഇന്ന് ഏഴ് വയസ്. എന്നാല്‍ കേസിലെ പ്രതികള്‍ ഇന്നും വധശിക്ഷ കാത്ത് തടവറയ്ക്ക് കഴിയുകാണ്. ഇവരുടെ വധശിക്ഷാ നടപടികള്‍ അവസാന ഘട്ടത്തിലാണ്. രാംസിങ്, മുകേഷ് സിങ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത, അക്ഷയ് താക്കൂര്‍, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരാണ് കേസിലെ പ്രതികള്‍. വിചാരണ കാലയളവില്‍ രാംസിങ് ആത്മഹത്യ ചെയ്തിരുന്നു. 2015-ല്‍ പ്രായ പൂര്‍ത്തിയാകാത്ത പ്രതി മോചിതനായി.
പ്രതികളില്‍ ഒരാളായ അക്ഷയ് ഠാക്കൂര്‍ വധശിക്ഷയ്ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി അടുത്ത ദിവസം സുപ്രീം കോടതി പരിഗണിക്കും. മറ്റു പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി നേരത്തെ തന്നെ കോടതി തള്ളിയിരുന്നു. വധശിക്ഷാ നടപ്പാക്കുമെന്ന് ഏറെ കുറെ തീരുമാനമായ സമയത്താണ് അക്ഷയ് ഠാക്കൂര്‍ ഹര്‍ജി സമര്‍പ്പിച്ചത്. തുടര്‍ന്നാണ് ചൊവ്വാഴ്ചയിലേക്ക് ഹര്‍ജി പരിഗണിക്കാന്‍ മാറ്റിവെച്ചത്. ഇതിനിടെ പ്രതികളുടെ വധശിക്ഷ വേഗത്തിലാക്കണമെന്ന് കാണിച്ച് നിര്‍ഭയയുടെ അമ്മ ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജി 18 ന് പാട്യാല കോടതി പരിഗണിക്കും.
പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് വരെ തന്റെ പോരാട്ടം തുടരുമെന്നും മകള്‍ക്ക് നീതി കിട്ടിയില്ലെന്നും നിര്‍ഭയുടെ അമ്മ ആശാ ദേവി പറഞ്ഞു. മകളുടെ നീതിക്കായി പോരാട്ടം തുടരും. മനുഷ്യാവകാശം നിര്‍ഭയക്ക് നിഷേധിച്ചു. പ്രതികളുടെ വധശിക്ഷ ഉടന്‍ നടപ്പാക്കണം. ശിക്ഷ നടപ്പാക്കാന്‍ വൈകുന്നത് മൂലം നിയമവ്യവസ്ഥയില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെടുന്നു. കേസുകള്‍ അന്തമായി നീളുന്നതോടെ ജനങ്ങള്‍ നിരാശയിലാകുന്നുവെന്നും ഇതിനാലാണ് ഹൈദരാബാദ് സംഭവത്തില്‍ കൈയ്യടിക്കുന്നതെന്നും അവര്‍ പറഞ്ഞു.
പോക്സോ കേസുകളിലും പീഡനകേസുകളിലും ശിക്ഷക്കപ്പെട്ടവര്‍ മാപ്പിനര്‍ഹരല്ല. ദയാഹര്‍ജി നല്‍കേണ്ടതില്ലെന്ന രാഷ്ട്രപതിയുടെ പ്രസ്താവനയും പ്രതികളുടെ വധശിക്ഷയ്ക്കാണ് ഊന്നല്‍ നല്‍കുന്നത്. പ്രതികളിലൊരാളുടെ ദയാഹര്‍ജി പരിശോധിക്കുന്നതിനിടെയാണ് രാഷ്ട്രപതി ഇക്കാര്യം പറഞ്ഞത്.
വധശിക്ഷ നടപ്പാക്കുന്നതിന് തിഹാര്‍ ജയില്‍ അധികൃതര്‍ രണ്ട് ആരാച്ചാരെ വേണമെന്നാവശ്യപ്പെട്ട് യുപി ജയില്‍ അധികൃതര്‍ക്ക് കത്തയച്ചിരുന്നു. ആരാച്ചാരെ വിട്ടു കൊടുക്കുമെന്ന് യുപി സര്‍ക്കാരും ഉറപ്പ് നല്‍കിയിരുന്നു. അതൊടോപ്പം 10 തൂക്കു കയര്‍ നിര്‍മ്മിക്കാന്‍ ബക്സര്‍ ജയില്‍ അധികൃതര്‍ക്ക് തിഹാര്‍ ജയിലധികൃതര്‍ നിര്‍ദ്ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ആരാച്ചാരെ ലഭിച്ചതിനാല്‍ പട്യാല ഹൗസ് കോടതി ഉടന്‍ വധശിക്ഷ വിധിക്കുമെന്നാണ് രാജ്യത്തിന്റെ പ്രതീക്ഷ.
2012 ഡിസംബര്‍ 16-നാണ് ദല്‍ഹിയില്‍ ഓടുന്ന ബസില്‍ പെണ്‍കുട്ടിയെ ക്രൂരമായ പീഡനത്തിനിരയാക്കി കൊലപ്പെടുത്തുകയായിരുന്നു.