മാതാപിതാക്കളെ ഉപേക്ഷിച്ചാല്‍ ആറു മാസം വരെ തടവ്;10,000 രൂപ പിഴയും
December 12, 2019 1:50 pm
0
ന്യൂഡല്‍ഹി: പ്രായമായ മാതാപിതാക്കള്‍, മുതിര്‍ന്ന പൗരന്‍മാര്‍ എന്നിവരെ ഉപേക്ഷിക്കുന്നവര്‍ ഇനി ജയിലിലാകും. വൃദ്ധരായവരെ ഉപേക്ഷിക്കുന്നവര്‍ക്ക് 6 മാസം വരെ തടവും 10,000 രൂപ പിഴയും ശിക്ഷ നല്‍കാന്‍ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി. മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്‍മാരുടെയും പരിപാലനം, ക്ഷേമം എന്നിവ സംബന്ധിച്ച ഭേദഗതി ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു.
ഇവര്‍ക്കു നേരെയുള്ള ശാരീരിക ഉപദ്രവം, മാനസിക പീഡനം, മോശംവാക്ക് ഉപയോഗിക്കല്‍, മുറിവേല്‍പിക്കല്‍ എന്നിവ ശിക്ഷാര്‍ഹമാക്കും. മക്കള്‍, കൊച്ചുമക്കള്‍, മരുമക്കള്‍ (മകന്റെയോ മകളുടെയോ ഭാര്യ/ഭര്‍ത്താവ്) എന്നിവരാണ് പുതിയ നിയമത്തിന്റെ പരിധിയില്‍ വരുന്നത്. 3 മാസം തടവും 5000 രൂപ പിഴയും എന്ന 2007 ല്‍ കൊണ്ടുവന്ന ആദ്യ ബില്ലിലെ വ്യവസ്ഥയാണ് ഭേദഗതി ചെയ്യുന്നത്.
മാതാപിതാക്കളെ പരിപാലിക്കേണ്ട ഉത്തരവാദിത്തമുള്ള സംരക്ഷകരുടെ പട്ടികയിലേക്ക് മക്കള്‍, കൊച്ചുമക്കള്‍ എന്നിവര്‍ക്കു പുറമേയാണ് മരുമക്കളെയും ഉള്‍പ്പെടുത്തിയത്. മക്കളില്ലാത്തവരുടെ സംരക്ഷണച്ചുമതല അവരുടെ സ്വത്തിന്റെ അവകാശികള്‍ക്കായിരിക്കും. വളര്‍ത്തച്ഛന്‍, വളര്‍ത്തമ്മ എന്നിവര്‍ക്കും സുരക്ഷ സംബന്ധിച്ച വ്യവസ്ഥകള്‍ ബാധകമാണെന്ന് ബില്‍ വ്യവസ്ഥ ചെയ്യുന്നു.
ബില്ലിലെ പ്രധാന വ്യവസ്ഥകള്‍ ഇവയാണ്.
വസ്ത്രം, ഭവനം, ആരോഗ്യ പരിചരണം, സുരക്ഷ, ഭക്ഷണം എന്നിവ ലഭ്യമാക്കേണ്ട ചുമതല സംരക്ഷകര്‍ക്കുണ്ട്. ഇവ പാലിക്കാത്ത മക്കള്‍, കൊച്ചുമക്കള്‍, മരുമക്കള്‍ എന്നിവര്‍ക്കെതിരെ സംസ്ഥാന ട്രൈബ്യൂണലുകളില്‍ പരാതി നല്‍കാം. പരാതികള്‍ 90 ദിവസത്തിനകം തീര്‍പ്പാക്കണം. 80 വയസ്സിനു മുകളിലാണെങ്കില്‍ 60 ദിവസത്തിനകം തീര്‍പ്പ് കല്‍പ്പിക്കണം.
സംരക്ഷകര്‍ പ്രതിമാസം നല്‍കേണ്ട ജീവനാംശം ട്രൈബ്യൂണല്‍ തീരുമാനിക്കും. പരമാവധി 10,000 രൂപയെന്ന വ്യവസ്ഥ ഒഴിവാക്കി. മുതിര്‍ന്ന പൗരന്‍മാരുടെ ക്ഷേമം ഉറപ്പാക്കാനും പീഡനം തടയാനും ഓരോ പൊലീസ് സ്റ്റേഷനിലും അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടറുടെ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണം. ∙ ഓരോ ജില്ലയിലും ഡപ്യൂട്ടി സൂപ്രണ്ടിന്റെ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനു കീഴില്‍ പ്രത്യേക പൊലീസ് സ്റ്റേഷന്‍. സംസ്ഥാനതല ഹെല്‍പ്‌ലൈന്‍ നമ്ബര്‍ എന്നിവയും ബില്‍ മുന്നോട്ടുവെക്കുന്നു.